ബിഹാറില്‍ എന്‍ഡിഎ റെക്കോര്‍ഡ് ഭൂരിപക്ഷം നേടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ 20 വര്‍ഷത്തെ വിജയത്തിന്റെ റെക്കോര്‍ഡ് എന്‍ഡിഎ തിരുത്തിക്കുറിക്കുമെന്നും മഹാസഖ്യം വന്‍ പരാജയം നേരിടുമെന്നും അദ്ദേഹം പറഞ്ഞു. റെക്കോര്‍ഡുകള്‍ തകര്‍ക്കും വിധമാണ് റാലികളിലെ പങ്കാളിത്തമെന്നും നിരവധി സ്ത്രീകളാണ് ഒഴുകിയെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജംഗിള്‍ രാജിന്റെ ആളുകള്‍ക്ക് സംസ്ഥാനത്ത് വന്‍ പരാജയം നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ ജീവിതം സുഗമമാക്കുന്നതിനും അവരെ ശാക്തീകരിക്കുന്നതിനും എന്‍ഡിഎ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ബിഹാറില്‍ മഹാ ജംഗിള്‍ രാജ് ആണെന്ന് കഴിഞ്ഞ ദിവസം തേജസ്വി യാദവ് വിമര്‍ശിച്ചിരുന്നു. മൊകാമ മണ്ഡലത്തിലെ ജന്‍ സുരാജ് പാര്‍ട്ടി പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ജെഡിയു സ്ഥാനാര്‍ഥി അനന്ത് സിങ്ങിനെ അറസ്റ്റ് ചെയ്തതിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കവേയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
ഒടുവില്‍ തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍ സ്ത്രീ വോട്ടര്‍മാര്‍ എത്രത്തോളം നിര്‍ണായകമായി എന്ന വിലയിരുത്തല്‍ ഇരു മുന്നണികള്‍ക്കും ഉണ്ട്. അവസാനഘട്ടത്തില്‍ സ്ത്രീ വോട്ടര്‍മാരെ പരമാവധി സ്വാധീനിക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടികള്‍.
സ്ത്രീ വോട്ടര്‍മാരെ ഒപ്പം നിര്‍ത്താന്‍ പരമാവധി ശ്രമത്തിലാണ് മഹാസഖ്യവും. ‘മായി ബഹിന്‍ മാന്‍’ യോജന എന്ന പേരിലുള്ള പദ്ധതി വഴി അധികാരത്തില്‍ എത്തിയാല്‍ ജനുവരി മാസം തന്നെ മുപ്പതിനായിരം രൂപ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് എത്തുമെന്നാണ് പ്രഖ്യാപനം. ഒരു ക്വിന്റല്‍ നെല്ലിന് 300 രൂപയും, ഒരു കിന്റ്റല്‍ ഗോതമ്പിന് 400 രൂപയും താങ്ങുവിലയ്ക്ക് പുറമേ നല്‍കുമെന്നുംതേജസ്വി യാദവ് പറഞ്ഞു.
അധികാരത്തില്‍ എത്തിയാല്‍ നടത്താന്‍ പോകുന്ന പദ്ധതികളെക്കുറിച്ചല്ല റിട്ടയര്‍മെന്റ് പദ്ധതികളെ കുറിച്ചാണ് തേജസ്വി യാദവ് ആലോചിക്കേണ്ടതെന്ന് ജന്‍ സുരാജ് പാര്‍ട്ടി നേതാവ് പ്രശാന്ത് കിഷോര്‍ പരിഹസിച്ചു. ബിഹാറില്‍ ആഞ്ഞടിക്കുന്നത് എന്‍ഡിഎ സുനാമി ആണെന്ന് ഹസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ പറഞ്ഞു. രാഹുല്‍ ദുശ്ശകുനമാണെന്നും അദ്ദേഹം പരിഹസിച്ചു.





