മന്ത്രി ​ഗണേഷ് കുമാറിനെ അധിക്ഷേപിച്ചും മുസ്ലിം ലീ​ഗിനെ വിമർശിച്ചും വെളളാപ്പള്ളി; ​’ഗണേഷ് തറ മന്ത്രി, ലീഗിന്‍റെ ഭരണം വന്നാല്‍ നാടുവിടേണ്ടി വരും’

കൊല്ലം: മുസ്ലീം ലീഗിനെതിരേയും മന്ത്രി ​ഗണേഷ് കുമാറിനെതിരേയും രൂക്ഷ വിമർശനവുമായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുസ്ലീം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്നും വര്‍ണ കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ് ആണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഗണേഷ് കുമാർ തറ മന്ത്രിയാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ ആക്ഷേപം. കൊല്ലം പുനലൂരിൽ എസ്എൻഡിപി നേതൃസംഗമത്തിൽ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.

ചൂടുകാലത്ത് കുടിക്കാൻ വെച്ച വെള്ളം ബസിൽ നിന്ന് പിടിച്ചിട്ട് ഗമ കാണിക്കുകയാണ് ഗണേഷ് കുമാർ. കെഎസ്ആർടിസിയിൽ തുഗ്ലക് ഭരണമായെന്നും വെള്ളാപ്പള്ളി പറഞ്ഞു. മുസ്ലിം ലീ​ഗുകാർക്ക് മനുഷ്യത്വമില്ല. അവര്‍ക്കാണോ നമ്മള്‍ വോട്ടു കൊടുക്കേണ്ടത്. അവരുടെ കൂട്ടു പിടിച്ചു നില്‍ക്കുന്നവരെ ജയിപ്പിച്ചാല്‍ നമ്മുടെ സ്ഥിതി എന്താകുമെന്നും വെള്ളാപ്പള്ളി ചോദിച്ചു. മുസ്ലീം ലീഗിന്‍റെ ഭരണം വന്നാല്‍ നമ്മള്‍ നാടുവിടേണ്ടി വരും. നമ്മള്‍ ആത്മഹത്യ ചെയ്യേണ്ടി വരും. പേരില്‍ തന്നെ മുസ്ലീം കൂട്ടായ്മയാണ്. എന്നിട്ട് മതേതര കൂട്ടായ്മയെന്ന് പറയും. മുസ്ലീം അല്ലാത്ത ഒരു എംഎല്‍എ മുസ്ലീം ലീഗില്‍ ഉണ്ടോയെന്നും അവരുടെ കൂട്ടു പിടിച്ചു നില്‍ക്കുന്നവരെ ജയിപ്പിച്ചാല്‍ നമ്മുടെ സ്ഥിതി എന്താകുമെന്നും വെള്ളാപ്പള്ളി ചോദിച്ചു.