കാർഷിക സർവകലാശാലയിലെ ഫീസ് വർധനവിൽ ഗണ്യമായ കുറവു വരുത്താൻ നിർദേശം നൽകിയെന്ന് മന്ത്രി പി പ്രസാദ്. അടിയന്തരമായി നാളെ ഓൺലൈനായി എക്സിക്യൂട്ടീവ് യോഗം വിളിച്ചു ചേർക്കും. വിദ്യാർഥികൾക്ക് വലിയ ഭാരമാകാത്ത രീതിയിലുള്ള ഫീസ് ഘടന മാത്രമായിരിക്കും കാർഷിക സർവകലാശാലയിൽ ഉണ്ടാകുകയെന്നകാര്യം ഉറപ്പാക്കണമെന്ന് സർക്കാർ സർവകലാശാലയ്ക്ക് നിദേശം നൽകിയിട്ടുണ്ട്.
സർവകലാശാലയിലെ സാമ്പത്തിക പ്രതിസന്ധി മുഖ്യമന്ത്രിയുടെയും ധനകാര്യ മന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തി പരിഹരിക്കുന്നതിനുള്ള ഇടപെടൽ നടത്താനാണ് നിലവിൽ ആലോചിക്കുന്നത്. സർക്കാരിൽ നിന്ന് കൂടുതൽ പണം ലഭ്യമാകുന്ന നിലയ്ക്ക് ഫീസിന്റെ കാര്യത്തിൽ വീണ്ടും പുനഃപരിശോധന നടത്തണമെന്ന് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പി പ്രസാദ് വ്യക്തമാക്കി.
കുട്ടികൾക്ക് പണത്തിൻ്റെ പേരിൽ പഠന അവസരം ഇല്ലാതാകാൻ പാടില്ല. സഹായിക്കാൻ കഴിയുന്ന എല്ലാ സംവിധാനങ്ങളെക്കുറിച്ചും ആലോചിക്കണം. കാർഷിക സർവകലാശാലയിൽ സാമ്പത്തിക ഞെരുക്കം ഉണ്ടെങ്കിലും കുട്ടികൾ പഠിക്കേണ്ട എന്ന് പറയാൻ കഴിയില്ല. ഏത് മാർഗത്തിലും പഠിക്കാൻ സൗകര്യം ഒരുക്കണം മന്ത്രി പറഞ്ഞു.
അതേസമയം, കാർഷിക സർവകലാശാല ഫീസ് വർധനയ്ക്കെതിരെ വലിയ പ്രതിഷേധമായിരുന്നു ഉയർന്നുവന്നത്. എസ്എഫ്‌ഐ, കെഎസ്‌യു ഉൾപ്പെടെയുള്ള വിദ്യാർഥി സംഘടനകൾ ഇതിനെതിരെ പ്രതിഷേധം ശക്തമാക്കിയിരുന്നു. കാര്‍ഷിക സര്‍വകലാശാലയിലെ ധന പ്രതിസന്ധി മറികടക്കാനാണ് ഫീസ് വര്‍ധനയെന്നായിരുന്നു സര്‍വകലാശാലയുടെ വിശദീകരണം.








