ഇന്‍ഡോനേഷ്യയിലേക്കുള്ള പൂ കയറ്റുമതിയുടെ മറവില്‍ ഹവാല ഇടപാട്; കേരളത്തിലേക്ക് എത്തിച്ചത് 330 കോടി രൂപ

ക്രിപ്‌റ്റോ കറന്‍സിയുടെ മറവില്‍ നടന്ന ഹവാല ഇടപാടില്‍ കേരളത്തിലേക്ക് എത്തിയത് 330 കോടിരൂപയുടെ കള്ളപ്പണം എന്ന് കണ്ടെത്തല്‍. ഇന്തോനേഷ്യയിലേക്ക് പൂ കയറ്റുമതിയുടെ മറവിലാണ് ഹവാല പണം എത്തിച്ചത്. കേസില്‍ മലപ്പുറം സ്വദേശി മുഹമ്മദാലിയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇന്‍കംടാക്‌സ് നോട്ടീസ് നല്‍കി. കേസിലെ മറ്റൊരു ഇടപാടുകാരനായ റാഷിദിന് വേണ്ടിയും അന്വേഷണം ശക്തമാക്കി.

500ല്‍ അധികം മ്യൂള്‍ അക്കൌണ്ടുകളും ഇടപാടിനായി ഉപയോഗിച്ചു എന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ക്രിപ്‌റ്റോ കറന്‍സിയുടെ മറവില്‍ നടന്ന കള്ളപ്പണ ഇടപാടിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ഇന്‍കം ടാക്‌സ് അന്വേഷണത്തില്‍ ആണ് പൂ കയറ്റുമതിയുടെ മറവില്‍ കേരളത്തിലേക്ക് മാത്രം 330 കോടി രൂപ എത്തിച്ചു എന്ന് കണ്ടെത്തിയത്. മലപ്പുറം സ്വദേശി മുഹമ്മദാലി എന്ന ആളെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ഇന്‍കം ടാക്‌സ് വിളിപ്പിച്ചിട്ടുണ്ട്. ഇന്‍ഡോനേഷ്യയില്‍ നിന്നാണ് ഹവാല കടത്ത് പ്രധാനമായും നടന്നത്.

സൗദിയില്‍ ജോലി ചെയ്യുന്ന റാഷിദ് എന്ന ആള്‍ക്ക് വേണ്ടിയും അന്വേഷണം ശക്തമാണ്. 500 ഷ അധികം മ്യൂള്‍ അക്കൗണ്ടുകളിലൂടെയാണ് പണം അനധികൃതമായി കടത്തിയത്. ഇതിന് വേണ്ടി 300 ക്രിപ്‌റ്റോ വാലറ്റുകളും ഇടപാടുകാര്‍ ഉപയോഗിച്ചു. കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ഹവാല പണത്തിന്റെ വിതരണം നടന്നത്. കേസില്‍ കൂടുതല്‍ പരിശോധനകള്‍ തുടരും എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.