Headlines

‘ആത്മകഥയിൽ എല്ലാം എഴുതിയിട്ടുണ്ട്; ഉപതിരഞ്ഞെടുപ്പ് ഘട്ടത്തിൽ പുറത്തുവന്നതിൽ ​ഗൂഢാലോചനയുണ്ട്’; ഇപി ജയരാജൻ

തന്റേതെന്ന പേരിൽ നേരത്തെ പുറത്തുവന്ന ആത്മകഥയ്ക്ക് പിന്നിൽ ആരെന്ന് അറിയാമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ. ആത്മകഥയിൽ എല്ലാം എഴുതിയിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പ് ഘട്ടത്തിൽ അത് പുറത്തുവന്നതിൽ ഗൂഢാലോചനയുണ്ട്. പ്രകാശ് ജാവഡേക്കർ വിഷയത്തിലും സമാനമായ ഗൂഢാലോചന നടന്നെന്നും ഇ പി ജയരാജൻ പറഞ്ഞു.

തനിക്കെതിരെ വിവാദമുണ്ടാക്കി പാർട്ടിയെ പ്രതിരോധത്തിലാക്കാൻ ശ്രമിച്ചുവെന്നും അതിലൂടെ തന്നെ വ്യക്തിഹത്യ നടത്തിയെന്നും ഇപി ജയരാജൻ പറഞ്ഞു. പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ തലേദിവസം പൂര്‍ത്തിയായിട്ടില്ലാത്ത പുസ്തകം പ്രസിദ്ധീകരിക്കുന്നുവെന്ന് പറഞ്ഞ് വാര്‍ത്ത പുറത്തുവന്നത് ആസൂത്രിതമായി ഗൂഢാലോചനയാണ്. തന്നെ രാഷ്ട്രീയപരമായി തേജോവധം ചെയ്യാനായിരുന്നു ശ്രമം. ഇതിന്റെ പിന്നില്‍ ചിലര്‍ പ്രവര്‍ത്തിച്ചവരെ അറിയാമെന്നും ഇപ്പോള്‍ പറയുന്നില്ലെന്നും ഒരുകാലത്ത് വെളിവാക്കപ്പെടുമെന്ന് ഇപി ജയരാജന്‍ പറഞ്ഞു.

പ്രതികൂലമായ സാഹചര്യം ഉണ്ടാക്കി അതിന്റെ കാരണക്കാരൻ താൻ കൂടിയാണെന്ന് വരുത്തിതീർക്കാൻ ആയിരുന്നു പുറത്തുവന്ന ആത്മകഥയ്ക്ക് പിന്നിലെന്ന് ഇപി ജയരാജൻ പറഞ്ഞു. ഇതിപ്പോൾ തുടങ്ങിയതല്ല. ജവഡേക്കർ വിഷയവും സമാനമായിരുന്നു. തന്നെ പരിചയപ്പെടാനായിട്ടാണ് അതുവഴി പോയ ജാവഡേക്കർ എത്തിയത്. അഞ്ച് മിനിട്ട് സംസാരിച്ച് പിരിയുകയും ചെയ്തു. എന്നാൽ ഇതിനെ തിരഞ്ഞെടുപ്പിൽ പ്രതികൂല സാഹ​ചര്യം ഉണ്ടാക്കാൻ പ്രചരണം നടത്തി. ഇതിന്റെ ലക്ഷ്യം പാർട്ടിയായിരുന്നുവെന്ന് ഇപി ജയരാജൻ പറഞ്ഞു. ‘ഇതാണെന്റെ ജീവിതം’ ആത്മകഥ നവംബർ 3ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും.