സിപിഐയുടെ എതിര്‍പ്പുകള്‍ വെറും പാഴ്വാക്കായി. മുന്നണിയില്‍ നാണംകെട്ട് എല്‍ഡിഎഫിലെ രണ്ടാം കക്ഷി. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിടാനുള്ള നീക്കം ഉപേക്ഷിക്കമെന്ന ആവശ്യം സിപിഐ മുന്നണിയില്‍ ഉന്നയിക്കുന്നതിന് മുന്‍പ് കേരള സര്‍ക്കാര്‍ പദ്ധതിയില്‍ ഒപ്പുവെക്കുകയായിരുന്നു.
പിഎം ശ്രീ പദ്ധതിയിലൂടെ ബിജെപി – സംഘപരിവാര്‍ അജണ്ടകള്‍ സംസ്ഥാനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുകയാണ് എന്നായിരുന്നു നേരത്തെ സിപിഐഎമ്മും മറ്റു ഇടതുപാര്‍ട്ടികളും വാദിച്ചിരുന്നത്. എന്നാല്‍, 1500 കോടി രൂപ ലഭിക്കുന്ന പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിടാന്‍ തീരുമാനിച്ച വിവരം രണ്ടുദിവസം മുന്‍പാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വളരെ നാടകീയമായി പ്രഖ്യാപിച്ചത്. ഇന്നലെ ചേര്‍ന്ന സിപിഐ എക്സിക്യുട്ടീവ് കമ്മിറ്റിയും പിന്നീട് സംസ്ഥാന കൗണ്‍സില്‍ യോഗവും പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിടരുതെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇന്നലെ നടന്ന മന്ത്രിസഭാ യോഗത്തിലും സിപിഐ മന്ത്രിമാര്‍ തങ്ങളുടെ വിയോജിപ്പ് അറിയിക്കുകയും മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് അതൃപ്തി അറിയിക്കുകയും ചെയ്തു. എന്നിട്ടും സിപിഐയെ തള്ളി സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയില്‍ ഒപ്പിടുകയായിരുന്നു.
പിഎം ശ്രീ പദ്ധതി നടപ്പാക്കാതെ സര്‍ക്കാരിന് മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടേത്. കേന്ദ്രം തടഞ്ഞുവച്ച വിദ്യാഭ്യാസ ഫണ്ട് ലഭിക്കാനായി പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടു പോവുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്. കേന്ദ്രഫണ്ട് ലഭിക്കുന്നത് വിദ്യാഭ്യാസ പുരോഗതിക്കായി ഉപയോഗിക്കാന്‍ കഴിയുമെന്നായിരുന്നു സര്‍ക്കാര്‍ വ്യക്തമാക്കിയത്.
ഇടതുപക്ഷത്തിന് ഭരണമുള്ള രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളം. സിപിഐയും സിപിഐഎമ്മും ചേര്‍ന്ന് ഭരിക്കുന്ന സംസ്ഥാനം എന്ന നിലയില്‍ കേരളത്തില്‍ പിഎം ശ്രീ പദ്ധതി നടപ്പാക്കില്ലെന്നായിരുന്നു ഡിഎംകെയെപ്പോലുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ കരുതിയിരുന്നത്. എന്നാല്‍ ഇടതുമുന്നണിയിലെ രണ്ടാം കക്ഷിയായ സിപിഐയുടെ എതിര്‍പ്പുകള്‍ മുഖവിലക്കെടുക്കാതെ വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡല്‍ഹിയില്‍ എത്തി, കരാറില്‍ ഒപ്പിടുകയായിരുന്നു. ഇതോടെ സിപിഐ കടുത്ത പ്രതിരോധത്തിലായി. രാഷ്ട്രീയമായി സിപിഐക്ക് ഇത് കനത്ത ആഘാതമായിരിക്കുകയാണ്. മുന്നണിയില്‍ ചര്‍ച്ച ചെയ്യണമെന്ന ആവശ്യംപോലും പരിഗണിക്കാതെ തിടുക്കപ്പെട്ട് പിഎം ശ്രീയില്‍ ഒപ്പിട്ടത് സിപിഐഎമ്മിന്റെ ഏകപക്ഷീയ നിലപാടാണെന്നാണ് സിപിഐയുടെ അഭിപ്രായം. ഇന്ന് നടക്കുന്ന സംസ്ഥാന കമ്മിറ്റിക്ക് ശേഷം സിപിഐ നേതൃത്വം വിഷയത്തില്‍ പ്രതികരിക്കും. സിപിഐയുടെ എതിര്‍പ്പുകള്‍ക്ക് ചെവികൊടുക്കേണ്ടതില്ലെന്ന നിലപാടാണ് സിപിഐഎം നേതൃത്വം നേരത്തെ തന്നെ കൈക്കൊണ്ടിരുന്നത്. അതിന്റെ ഭാഗമായാണ് പാര്‍ട്ടി സെക്രട്ടറി സിപിഐയെ അവഹേളിച്ച് സംസാരിച്ചത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ നിലപാട് തിരുത്തിയ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സിപിഐയുടെ അഭിപ്രായം കേട്ടതിന് ശേഷമേ അന്തിമമായ നിലപാട് സ്വീകരിക്കൂവെന്ന് പറഞ്ഞിരുന്നുവെങ്കിലും ഒന്നും ഉണ്ടായില്ല.
കേരളവും പിഎം ശ്രീയില്‍ ഒപ്പിടാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന ഡിഎംകെയുടെ നിര്‍ദേശവും സിപിഐഎം തള്ളുകയായിരുന്നു. കേരളവും, തമിഴ്‌നാടുമായിരുന്നു പിഎം ശ്രീ പദ്ധതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നത്.
പിഎം ശ്രീ പദ്ധതിയുടെ ഭാഗമായതോടെ കേരളത്തിലെ ഓരോ ബ്ലോക്കിന്റെയും പരിധിയിലുള്ള രണ്ട് സ്‌കൂളുകള്‍ പദ്ധതിയുടെ ഭാഗമാവും.
ഇതോടെ ഈ സ്‌കൂളുകളിലെ പാഠ്യ പദ്ധതികള്‍ കേന്ദ്രമായിരിക്കും തീരുമാനിക്കുക. സമീപ വിദ്യാലയങ്ങളെ ആശയപരമായി നയിക്കാനുള്ള അവകാശവും പിഎം ശ്രീ വിദ്യാലയങ്ങള്‍ക്ക് കൈവരും. സംസ്ഥാനത്തെ മറ്റു വിദ്യാലയങ്ങളേയും പരോക്ഷമായി കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലേക്ക് കൊണ്ടുവരുന്നതാണ് പിഎം ശ്രീ പദ്ധതിയെന്നതായിരുന്നു സിപിഐഎം അടക്കമുള്ളവരുടെ ആരോപണം. കേരളം പിഎം ശ്രീ പദ്ധതിയുടെ ഭാഗമായതോടെ സൗത്ത് ഇന്ത്യയില്‍ തമിഴ്നാട് മാത്രമാണ് പദ്ധതിക്ക് പുറത്ത്.
332 സ്‌കൂളുകളാണ് അഞ്ചു വര്‍ഷം ഈ പദ്ധതിയുടെ ഭാഗമാവുക. 1008 കോടി രൂപയാണ് ഈ പദ്ധതിയിലൂടെ ലഭിക്കുക. ഒരു രാജ്യം ഒറ്റത്തരം ക്ലാസ് റൂം എന്ന പ്രക്രിയ നടപ്പാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ പിഎം ശ്രീയിലൂടെ ലക്ഷ്യമിടുന്നത്. കേരളത്തില്‍ ദേശീയ വിദ്യാഭ്യാസ നയം അതേപടി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നാണ് സിപിഐഎമ്മിന്റെ നിലപാട്. ഇതാണ് സിപിഐയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത്. കടുത്ത വിയോജിപ്പുമായി രംഗത്തുവന്ന സിപിഐ എന്ത് നിലപാട് സ്വീകരിക്കുമെന്നത് കേരളം ഏറെ ആകാംഷയോടെയാണ് നോക്കിക്കാണുന്നത്.





