Headlines

കൊച്ചി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തോക്കുമായെത്തി ഉദയംപേരൂർ സ്വദേശി, നിരീശ്വരവാദി കൂട്ടായ്മ എസന്‍സ് നിര്‍ത്തിവെച്ചു

കൊച്ചി: കൊച്ചിയില്‍ നടക്കുകയായിരുന്ന നിരീശ്വരവാദികളുടെ കൂട്ടായ്മ നിര്‍ത്തിവെച്ചു. രാവിലെ എട്ടുമണിമുതല്‍ ആരംഭിച്ച പരിപാടിയാണ് നിര്‍ത്തിവെച്ചത്. കൊച്ചി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആണ് പരിപാടി നടക്കുന്നത്. ഇതില്‍ പങ്കെടുക്കാന്‍ എത്തിയ ആൾ തോക്കുമായി എത്തിയതോടെയാണ് പരിപാടി നിര്‍ത്തിയത്. രവിചന്ദ്രനും ശ്രീജിത്ത് പണിക്കരും തമ്മിലുള്ള സംവാദം നടക്കുന്നതിനിടെ പൊലീസ് എത്തി എല്ലാവരോടും പുറത്തിറങ്ങാൻ പറയുകയായിരുന്നു. നിലവില്‍ ബോംബ് സ്ക്വാഡ് ഉൾപ്പെടെയുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്.

കൂടാതെ ഉദയംപേരൂര്‍ സ്വദേശിയായ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളാണ് തോക്കുമായി പരിപാടി നടക്കുന്നിടത്തേക്ക് കയറിയത് എന്നാണ് വിവരം. പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ ഏഴായിരത്തോളം ആളുകൾ വേദിക്ക് പുറത്ത് നില്‍ക്കുകയാണ്. പ്രമുഖ എഴുത്തുകാരിയായ തസ്ലീമ നസ്രിന്‍ വൈകുന്നേരം പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. അതിനിടയിലാണ് ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായത്. കയ്യില്‍ ഉണ്ടായത് ലൈസന്‍സ് ഉള്ള തോക്കാണെന്നും സ്വയ രക്ഷയ്ക്ക് വേണ്ടിയാണ് കൊണ്ടുവന്നതെന്നും അറസ്റ്റിലായ ആൾ പറഞ്ഞു. ബൗണ്‍സേഴ്സ് നടത്തിയ പരിശോധനയ്ക്കിടയിലാണ് തോക്ക് കണ്ടത്. ആശങ്ക വേണ്ടെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.