നിയമനം വൈകുന്നതില്‍ പ്രതിഷേധിച്ചവർക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് പി എസ് സി

കാസർഗോഡ്: കാസർഗോഡ് ജില്ലയിൽ സ്റ്റാഫ് നേഴ്സ് തസ്തികയിലെ 38 ഒഴിവുകളിലെ നിയമനം വൈകുന്നതില്‍ പ്രതിഷേധിച്ചവർക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് പി എസ് സിയുടെ മുന്നറിയിപ്പ്. സമൂഹ മാധ്യമങ്ങളിൽ പി എസ് സിക്കെതിരെ പ്രതിഷേധവർക്ക് നേരെ കടുത്ത ശിക്ഷാ നടപടികളുണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. പി എസ് സിയുടെ നീക്കത്തിനെതിരെ എതിര്‍പ്പുകള്‍ ഉയരുന്നുണ്ട്.

 

നിയമനം നല്‍കാതെ പി എസ് സി നിയമനങ്ങൾ അട്ടിമറിക്കുകയാണെന്നാണ് ഉദ്യോഗാർത്ഥികൾ ഉയർത്തിയ ആരോപണം. എന്നാൽ, കൊവിഡ് സാഹചര്യമായതിനാൽ സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരമാണ് നിയമനങ്ങൾ താത്കാലികമായി നിർത്തിവെച്ചതെന്നാണ് പി എസ് സി യുടെ വിശദീകരണം.
അതേസമയം, കടുത്ത ആരോപണങ്ങളാണ് സോഷ്യൽ മീഡിയകളിൽ പി എസ് സി യ്ക്കെതിരെ ഉയരുന്നത്.

ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ ആയിരക്കണക്കിന് തസ്തികകളിൽ താൽക്കാലിക നിയമനങ്ങളാണ് പി എസ് സി തകൃതിയായി നടത്തുന്നതെന്നാണ് ഉദ്യോഗാർത്ഥികളുടെ ആരോപണം. കൂടാതെ, റിപ്പോർട്ട് ചെയ്ത ഒഴിവുകളിൽ നിയമനം നടത്താൻ പി എസ് സ്സി തയ്യാറാകുന്നുമില്ല. അഡ്വൈസ് മെമ്മോ കിട്ടിയവർക്ക് മാസങ്ങൾ കഴിഞ്ഞിട്ടും നിയമന ഉത്തരവ് ലഭിക്കുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

 

കാര്യമായ നിയമനങ്ങൾ ഒന്നും നടത്താതെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഒന്നിന് പിറകെ ഒന്നായി അവസാനിക്കുക്കയാണെന്നും ഉദ്യോഗാർത്ഥികൾ പറയുന്നു. സാങ്കേതികത്വവും നിയമന നൂലാമാലകളും പറഞ്ഞ് നിരവധി റാങ്ക് ലിസ്റ്റുകളിലെ നിയമനം തടഞ്ഞുവെച്ചിരിക്കുകയാണെന്ന ആക്ഷേപവും പി എസ് സിക്കെതിരെ ഉയരുന്നുണ്ട്. പരീക്ഷ കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും ഷോട്ട് ലിസ്റ്റുകൾ പോലും പ്രസിദ്ധീകരിച്ചിട്ടില്ല. ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചവയിൽ മാസങ്ങൾ പലത് കഴിഞ്ഞിട്ടും വെരിഫിക്കേഷൻ പൂർത്തിയാക്കി റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിക്കാതെയിരിക്കുന്നതായും ആക്ഷേപം ഉയരുന്നു.