പൊലീസിനെയും കേരള സമൂഹത്തെയും കുഴക്കിയ നെന്മാറ കൂട്ട കൊലപാതകത്തിലെ ആദ്യ കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ ഇന്ന് വിധിയ്ക്കും. ആദ്യ കൊലപാതകത്തിനുശേഷം ജയിലിൽ പോയ ചെന്താമര, വിചാരണ തുടങ്ങുന്നതിനു മുമ്പായി ജാമ്യത്തിലിറങ്ങിയാണ് ഇരട്ടക്കൊലപാതകം നടത്തിയത്. സംഭവത്തിന്റെ നാൾവഴികളിലൂടെ
കൊടും ക്രൂരനും ഒന്നിനെയും കൂസാത്ത കൊലപാതകിയുമാണ് ചെന്താമര. ഭാര്യയുമായി പിരിയേണ്ടി വന്നതിന്റെ ദേഷ്യത്തിലായിരുന്നു കൊലപാതകം. 2019 ഓഗസ്റ്റ് 31-നാണ് ലോറി ഡ്രൈവറായിരുന്ന ചെന്താമര നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയൻ കോളനിയിൽ സജിതയെ കൊലപ്പെടുത്തിയത്. ചെന്താമരയുടെ ഭാര്യ പിരിഞ്ഞുപോവാൻ കാരണം സജിതയും കുടുംബവുമാണെന്ന് സംശയിച്ചായിരുന്നു ആക്രമണം. നീണ്ട മുടിയുള്ള സ്ത്രീയാണ് തന്റെ കുടുംബവഴക്കിന് കാരണമെന്ന് ഏതോ മന്ത്രവാദി ചെന്താമരയോട് പറഞ്ഞതോടെ സജിതയെ സംശയിക്കുകയായിരുന്നു.
കേസ്സിൽ വിചാരണ തുടങ്ങാനിരിക്കെയാണ് വിയ്യൂർ ജയിലിൽ നിന്നും ചെന്താമര 2024 നവംബറിൽ ജാമ്യത്തിൽ പുറത്തിറങ്ങിയത്. നെന്മാറ പഞ്ചായത്ത് പരിധിയിൽ പ്രവേശിക്കരുതെന്ന പാലക്കാട് അഡീഷണൽ സെഷൻസ് കോടതി നാലിന്റെ ഉത്തരവ് ലംഘിച്ച് ചെന്താമര കൊല്ലപ്പെട്ട സജിതയുടെ തൊട്ടടുത്ത വീട്ടിൽ താമസിച്ചു. ചെന്താമര ഭീഷണിപ്പെടുത്തുന്നതായി സജിതയുടെ ഭർത്താവ് സുധാകരനും മകൾ അഖിലയും നെന്മാറ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ല.
2025 ജനുവരി 27 രാവിലെ പത്തുമണിയോടെ ചെന്താമര അയൽവീട്ടിലെത്തി സജിതയുടെ ഭർത്താവ് സുധാകരനേയും ഭർതൃമാതാവ് ലക്ഷ്മിയേയും വെട്ടിക്കൊന്നു. ഇതിനുശേഷം ഒളിവിൽ പോയ ചെന്താമരയ്ക്കായി തമിഴ്‌നാട്ടിലുൾപ്പെടെ പൊലീസ് വ്യാപകമായി തെരച്ചിൽ നടത്തിയിരുന്നു. പോത്തുണ്ടി വനമേഖലയിൽ ഒളിവിലായിരുന്ന ചെന്താമരയെ പൊലീസ് പിടിക്കുകയായിരുന്നു.പ്രതി ചെന്താമര തന്ത്രശാലിയെന്നും കടുവയെന്ന് സ്വയം കരുതുന്ന ആളെന്നുമാണ് പൊലീസ് പറഞ്ഞത്. ആസൂത്രിതമായാണ് പ്രതി കൊലപാതകം നടത്തിയതെന്നും ഇതിൽ ചെന്താമരയ്ക്ക് കുറ്റബോധമില്ലെന്നും പാലക്കാട് എസ് പി അജിത്കുമാർ പറഞ്ഞിരുന്നു.