സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തില്‍ മറ്റാരും സഹായം നല്‍കിയിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്. സംഭവത്തില്‍ ആറ് സഹതടവുകാരുടേയും ജയില്‍ ജീവനക്കാരുടേയും മൊഴിയെടുക്കുകയും വിശദമായ അന്വേഷണം നടത്തുകയും ചെയ്തതിന്റേയും അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. ജയില്‍ചാട്ടത്തെക്കുറിച്ച് ഗോവിന്ദച്ചാമി ആകെ പറഞ്ഞത് തന്റെ സഹതടവുകാരനായ തേനി സുരേഷിനോട് മാത്രമാണെന്നാണ് നിഗമനം. സെല്ലിന്റെ അഴികള്‍ മുറിക്കാന്‍ ഗോവിന്ദച്ചാമി ഉപയോഗിച്ച ആയുധത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് സംഘത്തിന് ഇപ്പോഴും അവ്യക്തതയുണ്ട്.
വിയ്യൂരെത്തി ഗോവിന്ദച്ചാമിയുടെ മൊഴിയും ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തിയിരുന്നു. അതിനുപിന്നാലെയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലുമെത്തി ക്രൈംബ്രാഞ്ച് സംഘം പരിശോധനകള്‍ നടത്തിയത്. അന്വേഷണത്തിന്റെ ഒരു ഘട്ടം പൊലീസ് സംഘം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ജയിലിനകത്തുനിന്നോ പുറത്തുനിന്നോ ഗോവിന്ദച്ചാമിക്ക് സഹായം ലഭിച്ചതിന്റെ യാതൊരു സൂചനകളും അന്വേഷണത്തില്‍ കണ്ടെത്താനായിട്ടില്ല. എന്നിരിക്കിലും ഗോവിന്ദച്ചാമി അഴികള്‍ മുറിക്കാനുപയോഗിച്ച ആയുധത്തെ സംബന്ധിച്ച് അവ്യക്തതയുണ്ട്. ഇത്ര ചെറിയ ആയുധം ഉപയോഗിച്ച് ബലമുള്ള ഇരുമ്പുകമ്പികള്‍ മുറിക്കാനാകില്ലെന്നാണ് ക്രൈംബ്രാഞ്ച് സംഘം ഉറപ്പിക്കുന്നത്.
ഈ മാസം ഒന്നിനാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ക്രൈംബ്രാഞ്ച് എസ്പി പി.ബാലകൃഷ്ണനാണ് അന്വേഷണ ചുമതല. കണ്ണൂര്‍ സിറ്റി പൊലീസിലെ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചിരുന്നത്. കേസില്‍ സമഗ്രമായ അന്വേഷണം ആവശ്യമായി വന്നതിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ചിന് കേസ് കൈമാറിയത്. നിലവിലെ അന്വേഷണ സംഘം കേസ് ഫയല്‍ നല്‍കാന്‍ വൈകിയതിനാലാണ് കേസ് അന്വേണം തുടങ്ങാന്‍ വൈകിയതെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ അറിയിക്കുന്നത്.