Headlines

കരൂർ ദുരന്തം; എല്ലാ മാസവും മരിച്ചവരുടെ കുടുംബങ്ങൾക്ക് 5000 രൂപ സഹായധനം നൽകും, പ്രഖ്യാപനവുമായി ടി വി കെ

കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ ഏറ്റെടുക്കുമെന്ന് തമിഴക വെട്രി കഴകം. എല്ലാ മാസവും മരിച്ചവരുടെ കുടുംബങ്ങൾക്ക് 5000 രൂപ വീതം സഹായധനമായി നൽകും. കുട്ടികൾക്ക് താല്പര്യമുള്ളിടത്തോളം എത്രവേണമെങ്കിലും പഠിക്കാം അതിനായുള്ള എല്ലാ വിദ്യാഭ്യാസ ചെലവുകളും പൂർണമായും വഹിക്കും, കുടുംബങ്ങൾക്ക് മെഡിക്കൽ ഇൻഷ്വറൻസ് ഏറ്റെടുക്കുമെന്നും ടി വി കെ പ്രഖ്യാപിച്ചു. ടിവികെയുടെ ഒരു സമിതി ഇന്ന് കരൂരിലെ വീടുകളിൽ എത്തി ഇത്തരം കാര്യങ്ങളിൽ ഉറപ്പ് നൽകും.

വിജയ്‌യുടെ കരൂർ സന്ദർശനവുമായി ബന്ധപ്പെട്ടും കാര്യങ്ങൾ വേഗത്തിലാക്കാനാണ് തീരുമാനം. ഈ മാസം 17 ന് വിജയ് എത്തുമെന്ന് അനൗദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു എന്നാൽ സന്ദർശന വിവരം പൊലീസിനെ അറിയിക്കുകയും ഡിജിപിയുടെ പക്കൽ നിന്നും കൃത്യമായി അനുമതി വാങ്ങി സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയതിന് ശേഷം മാത്രമായിരിക്കും വിജയ് കരൂരിൽ എത്തുക. പാർട്ടികരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രഖ്യാപിച്ചിരുന്ന 20 ലക്ഷം രൂപയും ഈ അവസരത്തിൽ ധനസഹായമായി നൽകും. പൊതുപ്രവർത്തനത്തിലേക്ക് കൂടുതൽ സജ്ജീവമായി ടി വികെ ഇറങ്ങുന്നതിന്റെ സൂചനകളാണ് നിലവിൽ പുറത്തുവരുന്നത്.

അതേസമയം, കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. പ്രത്യേക അന്വേഷണ സംഘത്തെയും സുപ്രീംകോടതി രൂപീകരിച്ചു. വിരമിച്ച ജഡ്ജിക്കായിരിക്കും അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല. കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് തമിഴക വെട്രി കഴകം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്നും ടിവികെ ആവശ്യപ്പെട്ടിരുന്നു.

സെപ്റ്റംബര്‍ 27 നായിരുന്നു കരൂരില്‍ വിജയ്‌യുടെ റാലി ദുരന്തത്തില്‍ കലാശിച്ചത്. ശനിയാഴ്ച തോറും ടിവികെ വിജയ്‌യുടെ റാലി സംഘടിപ്പിച്ചിരുന്നു. ഇത്തരത്തില്‍ സെപ്റ്റംബര്‍ 27 ശനിയാഴ്ച കരൂര്‍ വേലുചാമിപുരത്ത് ടിവികെ സംഘടിപ്പിച്ച റാലിയായിരുന്നു അപകടം വരുത്തിവെച്ചത്. വിജയ്‌യെ കാണാന്‍ രാവിലെ മുതല്‍ വലിയ ജനക്കൂട്ടം വേലുചാമിപുരത്ത് തമ്പടിച്ചിരുന്നു. ഉച്ചയ്ക്ക് ഒരുമണിക്കാണ് വിജയ് പരിപാടിക്ക് എത്തേണ്ടിയിരുന്നത്. എന്നാല്‍ ആറ് മണിക്കൂര്‍ വൈകിയാണ് വിജയ് പരിപാടിക്ക് എത്തിയത്. ഇതിനകം തന്നെ ആളുകള്‍ തളര്‍ന്നുതുടങ്ങി. വിജയ് പ്രസംഗിച്ച് തുടങ്ങിയതോടെ ആളുകള്‍ കുഴഞ്ഞുവീണു. തുടര്‍ന്ന് വിജയ് പ്രസംഗം അവസാനിപ്പിക്കുകയും ആളുകള്‍ക്ക് കുപ്പി വെള്ളം എറിഞ്ഞുനല്‍കുകയും ചെയ്തു. ഇതോടെ ആളുകള്‍ കുപ്പിവെള്ളം പിടിക്കാന്‍ തിരക്ക് കൂട്ടുകയും തിക്കിലും തിരക്കിലുംപെടുകയുമായിരുന്നു.