Headlines

‘സ്മാർട്ട് വാച്ചുകൾ മുതൽ സുരക്ഷാ ക്യാമറകൾ വരെ ചൈനീസ് ഉപകരണങ്ങൾ രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് FCC ‘; വിലക്കേർപ്പെടുത്തി അമേരിക്ക

സുരക്ഷാ ക്യാമറകൾ, സ്മാർട്ട് വാച്ചുകൾ തുടങ്ങി ചൈനയിൽ നിർമ്മിച്ച ദശലക്ഷക്കണക്കിന് ഇലക്ട്രോണിക് ഉപകരണങ്ങളുടെ വിൽപ്പനയ്ക്ക് അമേരിക്ക നിരോധനം ഏർപ്പെടുത്തിയിരിക്കുന്നു. ചൈനീസ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച ഈ ഉപകരണങ്ങൾ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും, അമേരിക്കൻ പൗരന്മാരെ നിരീക്ഷിക്കാൻ ബെയ്ജിങ് ഉപയോഗിച്ചേക്കാമെന്നുമാണ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മിഷൻ (എഫ്‌സിസി) നൽകുന്ന മുന്നറിയിപ്പ്.

വാവെയ് (Huawei), ഹാങ്‌സൗ ഹൈക്ക്‌വിഷൻ (Hangzhou Hikvision), സെഡ്ടിഇ (ZTE), ഡാഹുവ ടെക്‌നോളജി (Dahua Technology) തുടങ്ങിയ പ്രമുഖ ചൈനീസ് ടെക് ഭീമന്മാരുടെ ഉൽപ്പന്നങ്ങൾക്കാണ് വിലക്ക്. ഈ ഉപകരണങ്ങൾ അമേരിക്കൻ പൗരന്മാരെ നിരീക്ഷിക്കാനും, രാജ്യത്തെ വിവരക്കൈമാറ്റം താറുമാറാക്കാനും ചൈനയ്ക്ക് അവസരം നൽകുമെന്നാണ് എഫ്‌സിസി ചെയർമാൻ ബ്രെൻഡൻ കാർ വ്യക്തമാക്കിയിരിക്കുന്നത്. മുന്നറിയിപ്പ് പുറത്തിറങ്ങിയതിന് പിന്നാലെ ഓൺ‌ലൈൻ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ദശലക്ഷക്കണക്കിന് ചൈനീസ് ഉൽപ്പന്നങ്ങൾ നീക്കം ചെയ്തതായും അദ്ദേഹം അറിയിച്ചു.

ചൈനീസ് കമ്പനികൾക്കെതിരെ എഫ്‌സിസി ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾ സ്ഥാപിക്കാനുള്ള കൃത്യമായ തെളിവുകളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഈ സാഹചര്യത്തിൽ ഈ നീക്കം കേവലം സുരക്ഷാപരമായ നടപടി എന്നതിലുപരിയായി, കൂടുതൽ വഷളായിക്കൊണ്ടിരിക്കുന്ന അമേരിക്ക-ചൈന വ്യാപാര സംഘർഷത്തിന്റെ ഭാഗമായി കാണാമോ എന്ന സംശയം സാമ്പത്തിക വിദഗ്ധർക്കിടയിൽ ശക്തമാണ്. ടെലകോം, സെമികണ്ടക്ടർ, വാഹന നിർമ്മാണ മേഖലകളിലെ ചൈനീസ് കമ്പനികൾക്ക് ഇത് വലിയ തിരിച്ചടിയാണ്.

പല ചൈനീസ് ഉൽപ്പന്നങ്ങളും കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നതിനാൽ അമേരിക്കൻ പൗരന്മാർ ആകർഷിക്കപ്പെട്ടേക്കാം. ഇത് രാജ്യത്ത് ചൈനീസ് സാങ്കേതികവിദ്യ വ്യാപിക്കുന്നതിനെ തടയുക എന്ന കൃത്യമായ ലക്ഷ്യം അമേരിക്കയ്ക്കുണ്ടെന്നാണ് സൂചന. ചൈനീസ് നിരീക്ഷണവുമായി ബന്ധപ്പെട്ട് നിലവിൽ നടന്നു കൊണ്ടിരിക്കുന്ന പല അന്വേഷണങ്ങളുടെയും ഫലം പുറത്തു വരുന്നതോടെ കൂടുതൽ നിരോധന നടപടികൾ ഉണ്ടാകാനും സാധ്യതയുണ്ട്.

അതേസമയം തങ്ങളുടെ ഉപകരണങ്ങൾ വഴി ഒരു തരത്തിലുള്ള നിരീക്ഷണവും നടക്കുന്നില്ലെന്ന് വാവെയ് ഉൾപ്പെടെയുള്ള കമ്പനികൾ അവകാശപ്പെടുന്നു. ഉപകരണങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങൾ ലോകോത്തര സുരക്ഷാ വിദഗ്ധർ പരിശോധിച്ചുറപ്പിച്ചതാണെന്നും, ഉപയോക്താക്കളെക്കുറിച്ചുള്ള ഒരു വിവരവും ഒരു ഗവൺമെന്റിനും നൽകുന്നില്ലെന്നും വാവെയ് വ്യക്തമാക്കി. മുമ്പ് അന്താരാഷ്ട്ര ടെലികോം വിപണിയിൽ ആധിപത്യം പുലർത്തിയിരുന്ന വാവെയ്, അമേരിക്കയുടെ ഈ കർശന നിലപാടിനെത്തുടർന്ന് ആഗോള തലത്തിൽ വലിയ തിരിച്ചടി നേരിട്ടിരുന്നു.

ചൈനീസ് സുരക്ഷാ ക്യാമറ നിർമ്മാതാക്കളായ ഹൈക്ക് വിഷൻ ഉൾപ്പെടെയുള്ള കമ്പനികളുടെ ഉൽപ്പന്നങ്ങൾ ചൈനയിൽ ഉയിഗൂർ (Uyghur) വിഭാഗക്കാരുടെ നിരീക്ഷണത്തിനായി ഉപയോഗിക്കുന്നുണ്ടെന്ന ആരോപണങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, അമേരിക്കയുടെ ഈ നിരോധന നീക്കം ആഗോള ടെക് വിപണിയിൽ കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുമെന്നുറപ്പാണ്. റീട്ടെയിൽ സ്ഥാപനങ്ങൾ വിലക്ക് ഏർപ്പെടുത്തിയ ഉൽപ്പന്നങ്ങൾ തങ്ങളുടെ വെബ്‌സൈറ്റുകളിൽ വീണ്ടും വിൽപ്പനയ്ക്ക് എത്തുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ശ്രമത്തിലാണ്.