Headlines

ചൈനക്കെതിരെ ട്രംപിന്റെ 130% താരിഫ് നീക്കം; പണി കേരളത്തിലെ സ്വര്‍ണപ്രേമികള്‍ക്കും കിട്ടി; വീണ്ടും റെക്കോര്‍ഡ്

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുതിച്ചുയര്‍ന്നു. പവന് 91,040 രൂപ എന്ന പഴയ റെക്കോര്‍ഡും തിരുത്തി സ്വര്‍ണം ഇന്ന് വീണ്ടും പുതിയ ഉയരം കുറിച്ചു. പവന് 91,120 രൂപയാണ് ഇന്നത്തെ വില. ഇന്ന് പവന് 400 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 50 രൂപയും വര്‍ധിച്ചു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് സംസ്ഥാനത്ത് 11,390 രൂപ നല്‍കേണ്ടി വരും.

ചൈനയ്ക്ക് മുന്‍പ് ചുമത്തിയ 30 ശതമാനം തീരുവയ്ക്ക് പുറമേ അധികമായി ട്രംപ് 100 ശതമാനം തീരുവ കൂടി ചുമത്തിയതോടെ അമേരിക്കന്‍ സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ ഉള്‍പ്പെടെ ഇടിവുണ്ടായ സാഹചര്യത്തിലാകാം സ്വര്‍ണവില കൂടിയതെന്നും വിലയിരുത്തലുകള്‍ വരുന്നുണ്ട്. ഇന്നലെ സ്വര്‍ണവില രാവിലെ പവന് 90000ന് താഴുന്ന നിലയുണ്ടായെങ്കിലും ഉച്ചയോടെ വീണ്ടും സ്വര്‍ണം 90000 കടക്കുകയായിരുന്നു,

സെപ്റ്റംബര്‍ 9 നാണ് സ്വര്‍ണവില ആദ്യമായി 80,000 പിന്നിട്ടത്. തുടര്‍ന്നുള്ള ഓരോ ദിവസവും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്ന കാഴ്ചയാണ് ദൃശ്യമായത്. ഒരു മാസത്തിനിടെ പവന് 10000 രൂപയിലധികമാണ് വര്‍ധിച്ചത്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.