Headlines

‘ഇന്ത്യ- ബ്രിട്ടൺ ബന്ധത്തിൽ പുതിയ അധ്യായം; വ്യാപാര കരാർ ഇരുരാജ്യങ്ങൾക്കും ഗുണം ചെയ്തു’; പ്രധാനമന്ത്രി

ഇന്ത്യ- ബ്രിട്ടൺ ബന്ധത്തിൽ പുതിയ അധ്യായമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യാപാര കരാർ ഇരുരാജ്യങ്ങൾക്കും ഗുണം ചെയ്തെന്ന് മോദി- സ്റ്റാമർ സംയുക്ത പ്രസ്താവന. ഗസ്സ- യുക്രൈൻ സംഘർഷങ്ങളും ചർച്ചയായി. ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ പുകഴ്ത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി.

സ്വതന്ത്ര വ്യാപാര കരാറിലൂടെ വ്യാപാര ചുങ്കം കുറഞ്ഞു. കൂടുതൽ തൊഴിൽ അവസരങ്ങൾ തുറന്നു. നൂതന ആശയങ്ങൾക്കായി സംയുക്ത റിസർച്ച് നടത്തും. 9 ബ്രിട്ടീഷ് യൂണിവേഴ്സിറ്റികൾ ഇന്ത്യയിൽ ക്യാമ്പസുകൾ തുടങ്ങുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. യുക്രെയിൻ യുദ്ധവുമായി ബന്ധപ്പെട്ടും ചർച്ച നടന്നു. ചർച്ചയിലൂടെ പ്രശ്നപരിഹാരം വേണം എന്നതാണ് നയം.

ജൂലൈ മാസത്തിൽ പ്രധാനമന്ത്രി ബ്രിട്ടണിൽ എത്തുകയും അവിടെ വെച്ച് ഇരുരാജ്യങ്ങളും തമ്മിൽ സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെച്ചിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രിക്കൊപ്പം നൂറോളം പേരടങ്ങുന്ന വലിയ സംഘമാണ് ഇന്ത്യയിലേക്കെത്തിയത്. പ്രതിരോധമടക്കമുള്ള മേഖലകളിൽ നിലവിലുള്ള സഹകരണം വർധിപ്പിക്കുന്നതിനുള്ള നടപടികളിലേക്ക് ഇരുരാജ്യങ്ങളും കടക്കും.

ഇന്തോ-പസഫിക് മേഖലയിലെ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മിഷൻ 2035 എന്ന അടുത്ത പത്ത് വർഷത്തിലേക്കുള്ള ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, പ്രതിരോധം, നിക്ഷേപം തുടങ്ങിയവയിൽ പങ്കാളിത്തം എങ്ങനെയായിരിക്കണമെന്നടക്കമുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ചയായി.