ചുമ മരുന്നായ റീലൈഫ്, റെസ്പിഫ്രഷ് മരുന്നുകൾക്ക് തെലുങ്കാനയിലും നിരോധനം. മരുന്നുകളിൽ ഉയർന്ന തോതിൽ ഡൈ എത്തിലിൻ ഗ്ലൈക്കോൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. മധ്യപ്രദേശിലെ ഡ്രഗ് ടെസ്റ്റിംഗ് ലബോറട്ടറിയിൽ നിന്ന് നിർദേശം ലഭിച്ചതിന് പിന്നാലെയാണ് തെലുങ്കാനയിലും മരുന്നുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്.
തമിഴ്നാട് ആസ്ഥാനമായ ശ്രീശൻ ഫാർമസ്യൂട്ടിക്കൽ നിർമ്മിച്ച കോൾ ഡ്രിഫ് കഫ് സിറപ്പിന് അരുണാചൽപ്രദേശിലും നിരോധനം ഏർപ്പെടുത്തി. മരണത്തിന് കാരണമാക്കുന്ന കഫ് സിറപ്പ് വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ടോയെന്ന് ലോകാരോഗ്യ സംഘടനയും വ്യക്തത തേടിയിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് മറുപടി ലഭിച്ചു കഴിഞ്ഞാൽ ജാഗ്രത പുറപ്പെടുവിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കും.
അതേസമയം ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, മധ്യപ്രദേശ് സർക്കാർ രണ്ട് ഡ്രഗ് ഇൻസ്പെക്ടർമാരെയും ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ ഒരു ഡെപ്യൂട്ടി ഡയറക്ടറെയും സസ്പെൻഡ് ചെയ്തിരുന്നു. സംസ്ഥാനത്തെ ഡ്രഗ് കൺട്രോളറെയും സ്ഥലം മാറ്റി. കൂടാതെ, അശ്രദ്ധ ആരോപിച്ച് ചിന്ദ്വാരയിൽ നിന്നുള്ള ഡോക്ടർ പ്രവീൺ സോണിയെ അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ കാഞ്ചീപുരം ആസ്ഥാനമായുള്ള ഒരു കമ്പനി നിർമ്മിക്കുന്ന കോൾഡ്രിഫ് എന്ന ബ്രാൻഡഡ് ചുമ സിറപ്പ് കഴിച്ചതിനെ തുടർന്നാണ് കുട്ടികൾ രോഗബാധിതരായത്.
മധ്യപ്രദേശിൽ വിഷാംശം കൂടിയ കോൾഡ്രിഫ് ചുമ സിറപ്പ് കഴിച്ച് 20 കുട്ടികളാണ് മരിച്ചത്, അഞ്ച് കുട്ടികളുടെ നില ഗുരുതരമാണ്, രണ്ടുപേരെ നാഗ്പൂരിലെ എയിംസിലും രണ്ടുപേരെ സർക്കാർ ആശുപത്രിയിലും ഒരാൾ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.