ചെന്നൈ: പ്രമുഖ തമിഴ് വാർത്താ ചാനലായ പുതിയ തലമുറൈക്ക് അപ്രഖ്യാപിത വിലക്കുമായി തമിഴ്നാട് സർക്കാർ . തമിഴ്നാട് സർക്കാരിന്റെ നിയന്ത്രണത്തിലുള്ള കേബിൾ ശൃംഖലയിൽ നിന്നാണ് പുതിയ തലമുറൈയെ ഒഴിവാക്കിയത്. 15 ലക്ഷത്തോളം കുടുംബങ്ങളുള്ള നെറ്റ് വർക്കിൽ നിന്ന് ചാനൽ നീക്കിയതിന്റെ കാരണം വിശദീകരിക്കാൻ തമിഴ്നാട് സർക്കാർ തയ്യാറായിട്ടില്ല. സർക്കാരിന് ഹിതകരമല്ലാത്ത വാർത്തകൾ സംപ്രേഷണം ചെയ്യുന്നതാണ് വിലക്കിന് കാരണമെന്നാണ് വിവരം. സർക്കാർ നടപടി മാധ്യമസ്വാതന്ത്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് ചെന്നൈ പ്രസ് ക്ലബ് പ്രതികരിച്ചു. സർക്കാർ നടപടിയെ വിമർശിച്ച് എഐഎഡിഎംകെയും ബിജെപിയും രംഗത്തെത്തി.
കഴിഞ്ഞ ദിവസം മുതൽ ചാനൽ ലഭിക്കുന്നില്ലെന്ന പരാതികള്‍ വ്യാപകമായി ലഭിക്കുന്നുണ്ടെന്നും ഇക്കാര്യം പരിശോധിച്ചുവരുകയാണെന്നുമാണ് ചാനൽ അധികൃതര്‍ വിശദീകരിക്കുന്നത്. മുൻകൂര്‍ നോട്ടീസ് പോലും നൽകാതെ രഹസ്യമായി ചാനല്‍ കേബിള്‍ ടിവി ശൃംഖലയിൽ നിന്ന് നീക്കിയ നടപടി അംഗീകരിക്കാനാകില്ലെന്ന് ചെന്നൈ പ്രസ് ക്ലബ് പ്രസ്താവനയിൽ അറിയിച്ചു. പ്രതിപക്ഷ നേതാവ് എഐഎഡിഎംകെ ജനറൽ സെക്രട്ടറി പളനിസ്വാമിയും ചാനൽ വിലക്കിനെതിരെ രംഗത്തെത്തി.