വ്യാജ മരുന്നുകളുടെ വിതരണത്തെക്കുറിച്ച് അന്വേഷിക്കണം; സംസ്ഥാനങ്ങൾക്ക് നോട്ടിസയച്ച് മനുഷ്യാവകാശ കമ്മിഷൻ

ചുമ മരുന്ന് കഴിച്ചുള്ള മരണങ്ങളിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സംസ്ഥാനങ്ങൾക്ക് നോട്ടീസ് അയച്ചു. മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കാണ് നോട്ടീസ് അയച്ചത്.
വ്യാജ മരുന്നുകളുടെ വിതരണത്തെക്കുറിച്ച് അന്വേഷിക്കാൻ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയോട് നിർദേശിക്കണമെന്ന് നോട്ടിസിൽ ആവശ്യപ്പെടുന്നു. സംസ്ഥാനങ്ങളിലെ പ്രാദേശിക ലബോറട്ടറികളോട് മരുന്നുകളുടെ സാമ്പിളുകൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ നിർദേശിക്കുന്നു.

അതിനിടെ മധ്യപ്രദേശിലെ ചുമ മരുന്ന് മരണങ്ങളിൽ ഡ്രഗ് കൺട്രോളർക്ക് എതിരെയും സർക്കാർ നടപടി. ഡ്രഗ് കൺട്രോളർ ദിനേശ് കുമാർ മൗര്യയെ മാറ്റി. മഹാരാഷ്ട്രയും ,കർണാടകയും കോൾഡ്രിഫ് സിറപ്പിന്റെ ഉപയോഗം നിരോധിച്ചു.

ഇതിനിടെ മധ്യപ്രദേശിൽ ചുമ മരുന്ന് കഴിച്ച് കുട്ടികൾ മരിച്ച സംഭവത്തിൽ മൂന്ന് ഉദ്യോ​ഗസ്ഥരെ സസ്‌പെന്റ് ചെയ്തിരുന്നു. രണ്ട് ഡ്രഗ് ഇൻസ്പെക്ടർമാരെയും ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഡെപ്യൂട്ടി ഡയറക്ടറെയുമാണ് മധ്യപ്രദേശ് സർക്കാർ സസ്പെൻഡ് ചെയ്തത്. ഡ്രഗ് ഇൻസ്‌പെക്ടർമാരായ ഗൗരവ് ശർമ്മ (ചിന്ദ്വാര), ശരദ് കുമാർ ജെയിൻ (ജബൽപൂർ), എന്നിവർക്കും ഡെപ്യൂട്ടി ഡയറക്ടർ ശോഭിത് കോസ്റ്റയ്ക്കുമാണ് സസ്പെൻഷൻ.

ചുമ മരുന്ന് കഴിച്ച് വൃക്ക തകരാറിലായി ഇതുവരെ 14 കുട്ടികളാണ് മരിച്ചത്. കുട്ടികളുടെ മരണം അന്വേഷിക്കാൻ ഞായറാഴ്ച പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിച്ചു. സംഭവത്തിൽ കോൾഡ്രിഫ് ചുമ മരുന്ന് നിർമാണ കമ്പനിക്കെതിരെ കേസെടുത്തു. സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു.