ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ്, ഫെലോഷിപ്പുകൾ വിതരണം ചെയ്തു

എംബിബിഎസ് പഠനത്തിന് 100% ഫീസ് സ്കോളർഷിപ്പ് നൽകുന്ന കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്.

മേപ്പാടി : സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, എന്നാൽ പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് മെഡിക്കൽ വിദ്യാഭ്യാസമെന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിനായി സുപ്രധാനമായ ഒരു ചുവടുവെപ്പിന് തുടക്കമിട്ടിരിക്കുകയാണ് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ സ്ഥാപക ചെയർമാൻ പത്മശ്രീ ഡോ. ആസാദ് മൂപ്പൻ. വയനാട്ടിലെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്, ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജ്, ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി എന്നിവിടങ്ങളിലേയ്ക്കുള്ള വിവിധ കോഴ്സുകൾക്ക്
ഏർപ്പെടുത്തിയ ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആൻഡ് ഫെലോഷിപ്പ്സിന് അർഹരായ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു.
കേരളത്തിൽ ആദ്യമായാണ് ഒരു മെഡിക്കൽ കോളേജ് യോഗ്യരായ വിദ്യാർത്ഥികൾക്ക് 100% ട്യൂഷൻ ഫീ ഇളവ് വാഗ്ദാനം ചെയ്യുന്നത്. എംബിബിഎസ്, ബി.എസ്.സി. നഴ്‌സിംഗ്, ബി.ഫാം കോഴ്‌സുകളിലേക്ക് അപേക്ഷിച്ച നൂറുകണക്കിന് വിദ്യാർത്ഥികളിൽ നിന്നാണ് ഈ വർഷം 20 പേരെ ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ് ആൻഡ് ഫെല്ലോഷിപ്സ് ജൂറി മെമ്പർമാരായ മുൻ ചീഫ് സെക്രട്ടറി ഡോ. വി വേണു ഐ എ എസ്, കാലിക്കറ്റ് മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പാൾ പ്രൊഫ. കാർത്തികേയ വർമ്മ, ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ, ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ എക്സിക്യൂട്ടീവ് ഡയറക്ടറും ഗവേണൻസ് ആൻഡ് കോർപ്പറേറ്റ് അഫയേഴ്സ് ഗ്രൂപ്പ് ഹെഡുമായ ടി. ജെ വിൽസൺ, ആസ്റ്റർ ഡി എം ഹെൽത്ത്‌ കെയർ ഡയറക്ടർ സെബാ മൂപ്പൻ എന്നിവർ ചേർന്ന് സ്കോളർഷിപ്പിനായി തിരഞ്ഞെടുത്തത്.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 125 ഓളം വിദ്യാർത്ഥികൾക്ക് പ്രയോജനം ലഭിക്കുന്ന ഈ സ്‌കോളർഷിപ്പ് പദ്ധതിക്കായി പ്രതിവർഷം 3 കോടിയിലധികം രൂപയാണ് നീക്കിവെയ്ക്കുന്നതെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ സ്ഥാപക ചെയർമാനും ഡോ. മൂപ്പൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റിയുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. “കഴിവുണ്ടായിട്ടും സാമ്പത്തികശേഷി ഇല്ലാത്തതുകൊണ്ട് മാത്രം ഡോക്ടർമാരോ നഴ്‌സുമാരോ ഫാർമസിസ്റ്റുകളോ ആകാനുള്ള ആഗ്രഹങ്ങൾ ഉപേക്ഷിക്കേണ്ടിവന്ന നിരവധി വിദ്യാർത്ഥികളെ അറിയാവുന്ന ഒരാളാണ് ഞാൻ. ആരോഗ്യരംഗത്ത്, പണമില്ലാത്തതിന്റെ പേരിൽ ഒരു വിദ്യാർത്ഥിക്കും പഠനം ഉപേക്ഷിക്കേണ്ടി വരരുത് എന്ന വലിയ ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പാണ് ഈ സ്കോളർഷിപ്പ്,” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അർഹതപ്പെട്ട വിദ്യാർത്ഥികൾക്ക് പഠനസഹായം നൽകുന്നതിനൊപ്പം അവരുടെ കുടുംബങ്ങളുടെ ഉന്നമനം കൂടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
എം ബി ബി എസ് വിദ്യാർത്ഥികളെ സ്ക്കോളർഷിപ്പിനായി തെരഞ്ഞെടുത്തത് പൂർണ്ണമായും അവരുടെ നീറ്റ് റാങ്കിന്റെ അടിസ്ഥാനത്തിലായിരുന്നു. എന്നാൽ ബിഎസ്സ്സി നഴ്സിംഗ്, ബി ഫാം കോഴ്സുകളിലേക്ക് അവരുടെ സമ്പത്തിക , സാമൂഹിക പശ്ചാതലവും പ്ലസ് ടു മാർക്കും അടിസ്ഥാനമാക്കിയായിരുന്നു സ്കോളർഷിപ് നൽകിയത്.
2012-ൽ സ്ഥാപിതമായ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്, മലയോര, ആദിവാസി, പിന്നാക്ക ജില്ലയിൽ സ്ഥാപിക്കപ്പെടുന്ന കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജാണ്. 6 ബാച്ചുകളിലായി 900-ത്തോളം യുവ ഡോക്ടർമാരെ വളർത്തിയെടുത്ത ഈ സ്ഥാപനം, ഇന്ത്യയിൽ സ്ഥിരതയാർന്ന മികവും പ്രാഗത്ഭ്യവും പ്രകടിപ്പിക്കുന്ന ഒരു മെഡിക്കൽ വിദ്യാഭ്യാസ കേന്ദ്രമായി മാറിക്കഴിഞ്ഞു. പരിചയസമ്പന്നരായ അധ്യാപകർ, ഉയർന്ന നിലവാരമുള്ള ലൈബ്രറി, മ്യൂസിയം, തൃതീയ പരിചരണ സൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന ആശുപത്രി എന്നിവയോടുകൂടി ഈ കോളേജ് ചുരുങ്ങിയ കാലയളവിനുള്ളിൽ ഒരു മികവിന്റെ കേന്ദ്രമായി വളർന്നു.

ചടങ്ങിൽ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റിയും ആസ്റ്റർ മിംസ് ഡയറക്ടറുമായ യു. ബഷീർ, മിസിസ് നസീറ ആസാദ്, ആസ്റ്റർ ഡിഎം ഹെൽത്ത്‌ കെയർ എക്‌സിക്യൂട്ടീവ് ഡയറക്ടറും ഗവേണൻസ് ആൻഡ് കോർപ്പറേറ്റ് അഫയേഴ്സ് ഗ്രൂപ്പ് ഹെഡുമായ ടി. ജെ വിൽസൺ, ഗ്രൂപ്പ്‌ ഹെഡ് ഡിജിറ്റൽ ഡോ. ഷിഹാദ്, മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. എലിസബത് ജോസഫ്, ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി പ്രിൻസിപ്പാൾ പ്രൊ. ലാൽ പ്രശാന്ത്, ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജ് പ്രിൻസിപ്പാൾ പ്രൊ. ഡോ. ലിഡാ ആന്റണി, ഓപ്പറേഷൻസ് വിഭാഗം ഡെപ്യൂട്ടി ജനറൽ മാനേജർ ഡോ. ഷാനവാസ് പള്ളിയാൽ എന്നിവരും സന്നിഹിതരായിരുന്നു.