പി സരിന്റെ ലീഗ് വിരുദ്ധ പരാമർശത്തിനെതിരെ പ്രതികരണവുമായി പി കെ ഫിറോസ്. വിശ്വാസത്തെ അധിക്ഷേപിക്കുന്നത് ഗുരുതരം. കോൺഗ്രസ് രാഷ്ട്രീയം വിട്ട് കമ്യൂണിസ്റ്റിൽ എത്തിയാൽ എത്രത്തോളം വർഗീയമാകും എന്നതാണ് ഈ പ്രസ്താവനയെന്നും ഫിറോസ് വ്യക്തമാക്കി. സി.പിഐഎം നടപടി സ്വീകരിക്കുമോ?. ഗോവിന്ദൻ മാഷ് നിലപാട് പറയട്ടെ. ഇതിന് ആരാണ് ലൈസൻസ് കൊടുത്തത് എന്നും ഫിറോസ് ചോദിച്ചു.
സിപിഐഎമിന്റെ വർഗീയ വിദ്വേഷ നയങ്ങളുടെ തുടർച്ചയായാണ് സരിന്റെ പരാമർശമെന്നും ഭൂരിപക്ഷ വർഗീയതയെ താലോലിക്കാൻ സിപിഐഎം കൂടിയാലോചിച്ച് നടത്തിയ പരാമർശമാണിത്. അതല്ല എങ്കിൽ തള്ളിപ്പറയാൻ തയ്യാറാകുമോ എന്നും ഫിറോസ് പ്രതികരിച്ചു.
നേരത്തെ പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥിയാകാൻ ലീഗിന്റെ വാർഡ് തലം മുതൽ സംസ്ഥാന തലം വരെയുള്ള നേതാക്കളെ സമീപിച്ച ആളാണ് സരിൻ എന്നും പികെ ഫിറോസ് പറഞ്ഞു. യുഡിഎഫ് ഭരിക്കുന്ന തിരുവേഗപ്പുറ പഞ്ചായത്ത് ഭരണ സമിതിക്ക് എതിരെ കഴിഞ്ഞ ദിവസം സിപിഎം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കിടെയാണ് സരിൻ ലീഗിനെതിരെ പ്രസംഗിച്ചത്.
എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി എന്നിവരെ ചേർത്ത് പിടിച്ചാണ് ലീഗ് മുന്നോട്ട് പോകുന്നത്. ലീഗിന് കൊടുക്കുന്ന ഓരോ വോട്ടും ആർഎസ്എസിന് നൽകുന്നതിന് തുല്യമാണെന്ന് സരിൻ വിമർശിച്ചു. മുസ്ലിം ലീഗ് സമം മുസ്ലിം എന്നാണ് പ്രചരിപ്പിക്കുന്നത്. അതൊടെ ബിജെപി സമം ഹിന്ദു എന്ന് ബിജെപിക്കാരും പ്രചരിപ്പിക്കുന്നു. ബിജെപിക്കാർക്ക് വളരാൻ ഉള്ള സാഹചര്യം ലീഗ് ഒരുക്കികൊടുക്കുകയാണ് ചെയ്യുന്നതെന്നും സരിൻ കുറ്റപ്പെടുത്തി.