ഒന്‍പത് വയസുകാരിയുടെ കൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തില്‍ പാലക്കാട് ജില്ലാ ആശുപത്രി അധികൃതരുടെ വാദങ്ങള്‍ പൂര്‍ണമായി തള്ളി കുട്ടിയുടെ അമ്മ. നീരോ വേദനയോ വന്നാല്‍ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുവരണമെന്ന് ആശുപത്രിയില്‍ നിന്ന് പറഞ്ഞ് വിട്ടിരുന്നു എന്ന സൂപ്രണ്ടിന്റെ വാദം കള്ളമാണെന്ന് കുട്ടിയുടെ അമ്മ പ്രസീത പറഞ്ഞു. ഒരു മരുന്ന് നല്‍കിയിട്ട് അഞ്ച് ദിവസം കഴിഞ്ഞിട്ട് വരാന്‍ മാത്രമാണ് ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചത്. കുട്ടിയുടെ കൈ കാര്യമായി പരിശോധിക്കുക പോലും ചെയ്യാതെയാണ് അവരത് പറഞ്ഞതെന്നും കുട്ടിയുടെ അമ്മ ആരോപിച്ചു
സൂപ്രണ്ട് പറഞ്ഞതെല്ലാം ഞാന്‍ കേട്ടു. എല്ലാം കള്ളമാണ്. ഞങ്ങള്‍ പാവപ്പെട്ടവരല്ലേ, ആരും ഞങ്ങള്‍ക്കായി പറയാനില്ലല്ലോ. അതുകൊണ്ടാകും ഇങ്ങനെ കള്ളം വിളിച്ച് പറയുന്നത്. പക്ഷേ ഞങ്ങള്‍ കണ്ണുകൊണ്ട് നേരില്‍ കണ്ട കാര്യങ്ങളില്‍ ഞങ്ങള്‍ ഉറച്ചുനില്‍ക്കും. നീതിക്കായി ഏതറ്റം വരെയും പോകും. ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം വന്ന ശേഷം ഏറെ വൈകാരികമായി പ്രസീത ട്വന്റിഫോറിനോട് പറഞ്ഞു. നീരോ നിറവ്യത്യാസമോ പരിശോധിക്കാന്‍ പോലും കഴിയുന്ന അവസ്ഥയായിരുന്നില്ല. കൈ മുഴുവന്‍ പ്ലാസ്റ്ററായിരുന്നു. നീര് കണ്ടയുടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ കാണിച്ചു. ആ സമയത്ത് പോലും ആശുപത്രി അധികൃതര്‍ കുട്ടിയുടെ അവസ്ഥയെക്കുറിച്ച് തങ്ങളോട് പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ല. 30-ാം തിയതി കുട്ടിയുടെ കൈയ്ക്ക് നിറവ്യത്യാസം ശ്രദ്ധയില്‍പ്പെട്ടയുടന്‍ തങ്ങള്‍ ആശുപത്രിയിലെത്തിയിരുന്നുവെന്നും പ്രസീത പറഞ്ഞു.
അപൂര്‍വമായ കോംപ്ലിക്കേഷനാണ് കുട്ടിക്ക് ഉണ്ടായിരിക്കുന്നതെന്നായിരുന്നു ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം. നീര് പ്ലാസ്റ്റര്‍ കാരണമല്ല. കുട്ടിക്ക് പൂര്‍ണമായും പ്ലാസ്റ്റര്‍ ഇട്ടിരുന്നില്ല. അതുകൊണ്ട് തന്നെ പ്ലാസ്റ്ററിന്റെ പ്രശ്നം അല്ല ഉണ്ടായത്. നിലത്ത് വീണ് ഉരഞ്ഞ് ഉണ്ടായ മുറിവായിരുന്നു. അതിന് കെയര്‍ കൊടുത്തിട്ടുണ്ട്. കുട്ടിക്ക് വേണ്ടി നമ്മുടെ ഭാഗത്ത് നിന്ന് ചെയ്യേണ്ടതെല്ലാം പ്രോട്ടോക്കോള്‍ പ്രകാരം ചെയ്തിട്ടുണ്ടെന്നും സൂപ്രണ്ട് പറഞ്ഞിരുന്നു.
ഒന്‍പതു വയസുകാരിയുടെ കൈ മുറിച്ച് മാറ്റിയതില്‍ ആശുപത്രിക്കോ ഡോക്ടറുമാര്‍ക്കോ വീഴ്ച ഉണ്ടായിട്ടില്ലെന്ന റിപ്പോര്‍ട്ട്് പുറത്തുവന്നിരുന്നു. സെപ്തംബര്‍ 24ന് കൈയ്ക്ക് പരുക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ എക്സ്റേ പരിശോധിച്ച് ചികിത്സ നല്കി. പ്ലാസ്റ്റര്‍ ഇട്ടതിന് ശേഷം കയ്യില്‍ രക്തയോട്ടമുണ്ടെന്ന് ഉറപ്പു വരുത്തി. വേദനയുണ്ടെങ്കില്‍ ഉടന്‍ ആശുപത്രിയെ സമീപിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കിയതുമായാണ് ഓര്‍ത്തോ ഡോക്ടര്‍മാരായ ഡോക്ടര്‍ സിജു കെ എം, ഡോക്ടര്‍ ജൗഹര്‍ കെ ടി എന്നിവര്‍ ഡി എം ഓക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.