കാസർഗോഡ് കുമ്പള ഗവ.ഹയർ സെക്കന്ററി സ്കൂളിലെ മൈം വിവാദത്തിൽ ഡിഡിഇ ഇന്ന് പൊതുവിദ്യഭ്യാസ ഡയറക്ടർക്ക് റിപ്പോട്ട് സമർപ്പിച്ചേക്കും. വിദ്യാഭ്യാസ മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് പൊതുവിദ്യഭ്യാസ ഡയറക്ടറാണ് ഡിഡിഇയോട് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചത്. അതിനിടെ കർട്ടൻ താഴ്ത്തിയ അധ്യാപകർ സംഘപരിവാർ അനുകൂല ട്രേഡ് യൂണിയൻ സംഘടനയിൽപ്പെട്ടവരാണ് എന്ന വിവരം പുറത്ത് വന്നു.
അധ്യാപകർ ദേശീയ അധ്യാപക പരിഷത്ത് അംഗങ്ങളാണ്. അധ്യാപകരായ പ്രദീപ് കുമാർ, സുപ്രീത് എന്നിവരാണ് കർട്ടൻ താഴ്ത്തിയത്. നിർത്തിവെച്ച കലോത്സവം തിങ്കളാഴ്ച വീണ്ടും നടത്തും. പലസ്തീനിലെ കുഞ്ഞുങ്ങൾക്കൊപ്പമാണ് കേരളമെന്നും ഇതേ മൈം വേദിയിൽ അവതരിപ്പിക്കാൻ അനുമതി നൽകുമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയിരുന്നു. മുടങ്ങിയ കലോത്സവം തിങ്കളാഴ്ച്ച വീണ്ടും നടത്തും. പലസ്തീനിൽ ഇസ്രയേൽ നടത്തുന്ന കൂട്ടക്കുരുതിയാണ് സ്കൂളിലെ പ്ലസ്ടു വിദ്യാർഥികൾ പ്രമേയമാക്കിയത്.
മൈം തുടങ്ങി രണ്ടര മിനിറ്റ് പിന്നിട്ടപ്പോഴേക്ക് അധ്യാപകർ സ്റ്റേജിലെത്തി കർട്ടൻ താഴ്ത്തുകയായിരുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പിടിഎ സ്കൂളിൽ യോഗം ചേർന്നു. അധ്യാപകർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് എംഎസ്എഫ്, എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു.