Headlines

കോട്ടയത്തെ ജെസ്സിയുടെ തിരോധാനത്തിന്റെ ചുരുളഴിയുന്നു; ജെസ്സിയെ കൊന്ന് മൃതദേഹം കൊക്കയില്‍ തള്ളിയത് ഭര്‍ത്താവ്

കോട്ടയം കാണക്കാരി സ്വദേശി ജെസ്സിയുടെ തിരോധാനത്തിന്റെ ചുരുളഴിയുന്നു. ജെസ്സിയെ ഭര്‍ത്താവ് കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ജെസ്സിയുടെ ഭര്‍ത്താവ് സാം ജോര്‍ജിനെ കുറുവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയെ കൊലപ്പെടുത്തില്‍ കൊക്കയില്‍ തള്ളിയെന്ന് ചോദ്യം ചെയ്യലില്‍ സാം സമ്മതിച്ചു.

സാമിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ മൃതദേഹം തൊടുപുഴയിലെ കൊക്കയില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം 26നാണ് ജെസ്സിയെ കാണാനില്ലെന്ന വിവരം പൊലീസിന് ലഭിക്കുന്നത്. വിദേശത്തുള്ള ജെസ്സിയുടെ മക്കള്‍ മാതാവിനെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതെ വന്നതോടെ മറ്റുള്ളവരോട് അന്വേഷിച്ചതിനെ തുടര്‍ന്നാണ് വിവരം പുറത്തറിയുന്നത്.

രണ്ട് നിലകളുള്ള വീട്ടില്‍ കുറേക്കാലമായി ജെസ്സിയും ഭര്‍ത്താവും ഒറ്റയ്ക്ക് ഓരോ നിലകളിലാണ് കഴിഞ്ഞ് വന്നത്. സാമിന് ചില വിവാഹേതര ബന്ധങ്ങളുണ്ടെന്ന് ജെസ്സി സംശയം പ്രകടിപ്പിക്കുകയും ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുകളുണ്ടാകുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം അവസാന ആഴ്ചയിലും ഇതുപോലെ തര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് സാം ജെസ്സിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. ശേഷം മൃതദേഹവുമായി തൊടുപുഴയിലേക്ക് പോയി അവിടെ മലയുടെ മുകളില്‍ നിന്ന് ശരീരം താഴേക്ക് വലിച്ചെറിഞ്ഞു. സാമിന്റെ പെരുമാറ്റത്തില്‍ പൊലീസിന് സംശയം തോന്നുകയും ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയുമായിരുന്നു.