Headlines

ഭൂട്ടാനില്‍ നിന്നുള്ള വാഹനക്കടത്ത്: അന്വേഷിക്കാന്‍ റോയല്‍ ഭൂട്ടാന്‍ കസ്റ്റംസ് സംഘം കേരളത്തിലേക്ക്

ഭൂട്ടാനില്‍ നിന്നുള്ള വാഹനക്കടത്ത് അന്വേഷിക്കാന്‍ റോയല്‍ ഭൂട്ടാന്‍ കസ്റ്റംസ് സംഘം കേരളത്തിലേക്ക്. അടുത്തയാഴ്ച സംഘം കൊച്ചിയിലെത്തും. അനധികൃതമായി കടത്തിയ വാഹനങ്ങളുടെ വിവരങ്ങള്‍ കസ്റ്റംസില്‍ നിന്ന് തേടും. ഭൂട്ടാനിലെ മുന്‍ സൈനിക ഉദ്യോഗസ്ഥനെ റോയല്‍ ഭൂട്ടാന്‍ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. അന്വേഷണ വിവരങ്ങള്‍ കൊച്ചിയിലെ കസ്റ്റംസിന് കൈമാറും.

വാഹനങ്ങള്‍ പിടികൂടിയ ഘട്ടത്തില്‍ സമാന്തരമായൊരു അന്വേഷണം ഭൂട്ടാന്‍ കസ്റ്റംസ് നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ആശയവിനിമയം നടത്തിക്കഴിഞ്ഞു.

ഇന്ത്യയിലേക്ക് നടന്ന വാഹനകടത്തില്‍ പ്രതികരിച്ച് ഭൂട്ടാന്‍ ട്രാന്‍സ്പോര്‍ട് അതോറിറ്റിയും കസ്റ്റംസും നേരത്തെ പ്രതികരിച്ചിരുന്നു. ഇന്ത്യയിലേക്ക് എത്തിയ SUV, LUXURY വാഹനങ്ങള്‍ അനധികൃതമായിട്ടാകാമെന്ന് ട്രാന്‍സ്പോര്‍ട് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണം നടത്തുമെന്നും ഭൂട്ടാന്‍ റവന്യു കസ്റ്റംസ് അറിയിച്ചു.

ഭൂട്ടാനിലുള്ള വാഹനം ഇന്ത്യയില്‍ ഉപയോഗിക്കുന്നതിന് നിയമ പ്രശ്‌നങ്ങളില്ല. പക്ഷേ നടപടിക്രമങ്ങള്‍ പാലിക്കണം. ഭൂട്ടാന്‍ പൗരന്റെ വാഹനം ഇന്ത്യയില്‍ എത്തിക്കുന്നതിന് മുന്‍പ് ഭൂട്ടാന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയില്‍ ഡി രജിസ്‌ട്രേഷന്‍ നടത്തണം. അതിനുശേഷം NOC നല്‍കും. ഇതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഇന്ത്യയിലേക്ക് വാഹനങ്ങള്‍ എത്തിക്കാന്‍ സാധിക്കു. എന്നാല്‍ ഇതുവരെ ഭൂട്ടാന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയില്‍ എസ്യുവി ലക്ഷ്വറി വാഹനങ്ങള്‍ ഡി രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് കണ്ടെത്തല്‍. അതുകൊണ്ടുതന്നെ ഇന്ത്യയിലേക്ക് എത്തിയിട്ടുള്ള SUV വാഹനങ്ങള്‍ അനധികൃതമായി എത്തിച്ചതാണെന്ന് ഭൂട്ടാന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി സംശയിക്കുന്നു.