മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തത്തിൽപ്പെട്ടവരുടെ പുനരധിവാസത്തിനായി കേന്ദ്രസർക്കാർ അനുവദിച്ചത് തുച്ഛമായ തുകയാണെന്ന് കൽപ്പറ്റ എംഎൽഎ ടി സിദ്ദീഖ് . ജനങ്ങളോട് ഒരു മാനുഷിക പരിഗണന പോലും കാട്ടിയില്ല. വയനാട്ടിലെ ജനങ്ങൾ സംശയിച്ചത് പോലെ കേവലം ഫോട്ടോ ഷൂട്ടിന് വേണ്ടിയായിരുന്നു പ്രധാനമന്ത്രി ദുരന്ത ബാധിത മേഖല സന്ദർശിച്ചിരുന്നത്. കേന്ദ്രത്തിന്റെ നിലപാട് രാഷ്ട്രീയ വിവേചനമാണെന്നും വിഷയത്തിൽ രണ്ട് കേന്ദ്ര സഹമന്ത്രിമാർ പ്രതികരിക്കണമെന്നും ടി സിദ്ദീഖ് എംഎൽഎ വ്യക്തമാക്കി. 2221 കോടി രൂപ ആവശ്യപ്പെട്ടിടത്ത് കേന്ദ്രം അനുവദിച്ചത് 260.56 കോടി രൂപ മാത്രമാണ്.
കേന്ദ്രസഹായം അപര്യാപ്തമെന്ന് ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ്. കേന്ദ്രസർക്കാരിൻ്റെ ഔദാര്യമല്ല, അവകാശമാണ് ചോദിക്കുന്നത്. മറ്റു പല സംസ്ഥാനങ്ങൾക്കും ഉദാരമായ സഹായം ലഭിക്കുന്നെന്നും കെ വി തോമസ് പറഞ്ഞു.
അതേസമയം, കേന്ദ്ര നിലപാടിനെതിരെ ദുരന്തബാധിതരും രംഗത്തെത്തിയിരുന്നു. ദുരന്തമുണ്ടായി 14 മാസത്തിനു ശേഷമാണ് കേന്ദ്രം തുക അനുവദിച്ചത്. വിഷയം കേന്ദ്രസർക്കാർ അനുഭാവപൂർവ്വം പരിഗണിക്കണമെന്നും കൂടുതൽ തുക അനുവദിക്കണം എന്നുമാണ് കേരളത്തിന്റെ ആവശ്യം. ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട ടൗൺഷിപ്പ് നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുകയാണ്.