Headlines

‘സമ്മർദ്ദങ്ങളെ അതിജീവിക്കുന്നതിനായാണ് പരിശീലിക്കുന്നത്, ഏഷ്യക്കപ്പിൽ സമ്മർദ്ദങ്ങളെ അവസരങ്ങളായാണ് ഞാൻ കണ്ടത്’: സഞ്ജു സാംസൺ

ഏഷ്യക്കപ്പിൽ സമ്മർദ്ദങ്ങളെ അവസരങ്ങളായാണ് താൻ കണ്ടതെന്ന് സഞ്ജു സാംസൺ. സമ്മർദ്ദങ്ങളെ അതിജീവിക്കുന്നതിനായാണ് പരിശീലിക്കുന്നത് ഏത് പൊസിഷനിലും കളിക്കാൻ താൻ തയ്യാറായിരുന്നു ഇതുവരെയുള്ള കരിയറിൽ അതിനായുള്ള അനുഭവ സമ്പത്ത് നേടിയിട്ടുണ്ടെന്നും ഷാർജ സക്സസ് പോയന്‍റ് കോളജിൽ നൽകിയ സ്വീകരണത്തിൽ സഞ്ജു മാധ്യമങ്ങളോട് പറഞ്ഞു. ക്യാപ്റ്റനും കോച്ചും ആവശ്യപ്പെടുന്നത് ചെയ്യുക എന്നതാണ് പ്രധാനം.

ഫൈനലിലെ റോള്‍ സംബന്ധിച്ച ചോദ്യത്തിന് ലാലേട്ടന്‍റെ ആറ്റിറ്റ്യൂഡ് ആണ് അതിനോട് എടുത്തത് എന്നായിരുന്നു സഞ്ജുവിന്‍റെ മറുപടി. ഏഷ്യാ കപ്പില്‍ ആരാധകര്‍ നല്‍കിയ പിന്തുണയില്‍ വലിയ സന്തോഷമുണ്ടെന്നും ഏഷ്യാ കപ്പില്‍ നന്നായി കളിക്കാന്‍ കഴിഞ്ഞുവെന്നാണ് വിശ്വാസമെന്നും സഞ്ജു വ്യക്തമാക്കി. ഫൈനലില്‍ തുടക്കത്തിലെ മൂന്ന് വിക്കറ്റ് നഷ്ടമായപ്പോള്‍ പതുക്കെ കളിച്ച് കൂട്ടുകെട്ടുണ്ടാക്കാനായിരന്നു നിര്‍ദേശിച്ചിരുന്നതെന്നും സഞ്ജു പറഞ്ഞു.

ഓസ്ട്രേലിയക്കെതിരായ ഏകദിന, ടി20 പരമ്പരകളില്‍ ഇടം കിട്ടിയാല്‍ സന്തോഷമെന്നായിരുന്നു സഞ്ജുവിന്‍റെ മറുപടി. ഏഷ്യാ കപ്പ് ഫൈനലില്‍ 21 പന്തില്‍ 24 റണ്‍സെടുത്ത സഞ്ജു തിലക് വര്‍മക്കൊപ്പം 57 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി ഇന്ത്യയെ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയിരുന്നു.