കൊച്ചി: സുകുമാരൻ നായർക്കെതിരെ എറണാകുളം കോലഞ്ചേരിയിലും പ്രതിഷേധ ബോർഡ്. 1665 ആം നമ്പർ പാങ്കോട് കരയോഗം ഓഫിസിന് സമീപമാണ് ബോർഡ്. പിണറായിക്ക് വേണ്ടി പാദസേവ ചെയ്യുന്ന കട്ടപ്പയാണ് സുകുമാരൻ നായരെന്നാണ് ബോർഡിൽ വിമർശനം. സുകുമാരൻ നായർക്കെതിരെ പത്തനംതിട്ട ഓമല്ലൂരിൽ പ്രതിഷേധം പ്രകടനം നടന്നു. കരയോഗം പ്രവർത്തകരുടെ നേതൃത്വത്തിലാണ് പ്രതിഷേധമുണ്ടായത്.
അതേസമയം, സർക്കാറിൽ വിശ്വാസമുണ്ടെന്ന എൻഎസ്എസ് പ്രസ്താവന സ്വാഗതാർഹമെന്ന് ഇടത് മുന്നണി കൺവീനർ ടിപി രാമകൃഷ്ണൻ. രാഷ്ട്രീയ നിലപാട് പറയാൻ എൻഎസ്എസിന് പ്രാപ്തിയുണ്ട്. സർക്കാറിന്‍റെ നല്ല പ്രവർത്തനങ്ങൾക്കുള്ള പിന്തുണയാണ് ജി സുകുമാരൻ നായർ നൽകിയത്. അത് രാഷ്ട്രീയ പിന്തുണയാണോ എന്ന് പറയേണ്ടത് എൻഎസ്എസ് ആണെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു. അതേസമയം, എൻഎസ്എസ് സമദൂരത്തിൽ നിന്നു മാറിയിട്ടില്ലെന്ന് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് പിജെ കുര്യൻ പറഞ്ഞു. എൻഎസ്എസ് രാഷ്ട്രീയ നിലപാട് എടുത്തിട്ടില്ല. ശബരിമലയുമായി ബന്ധപ്പെട്ട വിഷയത്തിൽ മാത്രമാണ് ജനറൽ സെക്രട്ടറി നിലപാട് പറഞ്ഞത്. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ നേരിൽ കണ്ടുവെന്നും പിജെ കുര്യൻ പറഞ്ഞു.