Headlines

TVK യുടെ പരിപാടിയിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പ്രൊഫഷണൽ ബൗൺസർമാരല്ലാത്തവരെ കൊണ്ടുപോയി; വാട്സ്ആപ്പ് ചാറ്റുകൾ

തമിഴ്നാടിനെ നടുക്കിയ കരൂർ അപകടത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ടിവികെയുടെ പരിപാടികളിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ കേരളത്തിൽ നിന്നടക്കം പ്രൊഫഷണൽ ബൗൺസർമാരല്ലാത്തവരെ കൊണ്ടുപോയെന്ന് ആരോപണം.19 ന് മധുരയിൽ നടന്ന പരിപാടിക്ക് വേണ്ടി എറണാകുളത്തെ ജൂനിയർ ആർട്ടിസ്റ്റുകളുടെ ഗ്രൂപ്പിൽ ബൗൺസർമാരെ ആവശ്യപ്പെട്ട് പരസ്യം വന്നു.നിരവധിപേർ ഇത്തരത്തിൽ ബൗൺസർമാരാകാൻ തമിഴ്നാട്ടിൽ പോയിട്ടുണ്ടെന്ന മലയാളിയുടെ ശബ്ദ സന്ദേശം ലഭിച്ചു.

കൃത്യമായി പരിശീലനം ലഭിക്കാത്തവരെയാണ് ജനക്കൂട്ടത്തെ നിയന്ത്രിക്കാനായി ബൗൺസർമാരായി നിയോഗിച്ചിരുന്നത്. ബൗൺസേർസിനെ ആവശ്യപ്പെട്ടുകൊണ്ട് എൻ ഡി ക്രിയേഷൻസ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ ആണ് പരസ്യം പ്രത്യക്ഷപ്പെട്ടത്. പരിപാടികളിൽ പങ്കെടുത്തവർ പണം പറ്റിയതിന്റെ വിവരവും വാട്സ്ആപ്പ് ചാറ്റിൽ ഉണ്ട്. നിരവധിപേർ ഇത്തരത്തിൽ ബൗൺസർമാരാകാൻ തമിഴ്നാട്ടിൽ പോയിട്ടുണ്ടെന്ന മലയാളിയുടെ ശബ്ദ സന്ദേശവും ലഭിച്ചു.

അതേസമയം, കരൂർ അപകടത്തിന് പിന്നാലെ മുഖം രക്ഷിക്കൽ നടപടിയുമായി ഒരുങ്ങുകയാണ് തമിഴക വെട്രിക് കഴകം. അപകടത്തിന് പിന്നാലെ ചെന്നൈയിലെ വീട്ടിലെത്തിയ വിജയ് ഇന്നലെ തന്നെ അഭിഭാഷകരുമായി സംസാരിച്ചിരുന്നു. രാവിലെ ടിവികെ ജനറൽ സെക്രട്ടറിമാരായ എൻ ആനന്ദ്., ആദവ് അർജുന, അഭിഭാഷകൻ അറിവഴകൻ തുടങ്ങിയവരുമായി വിജയ് ഓൺലൈൻ യോഗം ചേർന്നു.

വിജയ്യുടെ മൗനം അപകടം ചെയ്യുമെന്ന് വിലയിരുത്തിയ യോഗത്തിന് ശേഷമാണ് മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷവും പരുക്കേറ്റവർക്ക് 2 ലക്ഷവും വീതം നൽകുമെന്ന് വിജയ് പ്രഖ്യാപിച്ചത്. കോടതിയിൽ നിന്ന് രൂക്ഷവിമർശനമുയരാനുള്ള സാധ്യതയും ജനരോക്ഷവും കണക്കിലെടുത്ത് അടുത്തയാഴ്ചയിലെ വിജയ്യുടെ സംസ്ഥാനപര്യടനം റദ്ദാക്കി. അനിശ്ചിതകാലത്തേക്ക് പര്യടനം നീട്ടിവെയ്ക്കുമെന്നാണ് വിവരം. എൻ ആനന്ദ് ഉൾപ്പടെയുള്ള പാർട്ടി നേതാക്കൾക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യതക്കുൾപ്പടെ പൊലീസ് കേസെടുത്തിട്ടുണ്ട്. നാളെ മദ്രാസ് ഹൈക്കോടതിയിൽ സർക്കാർ അപകടവിവരം ധരിപ്പിക്കും. വിജയ്യെ പ്രതിചേർക്കുന്നതും അറസ്റ്റ് ചെയ്യുന്നതുമൊക്കെ ഹൈക്കോടതി പരാമർശങ്ങൾക്ക് പിന്നാലെയാകും തീരുമാനിക്കുക. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.