ദുരന്തഭൂമിയായി കരൂര്‍; എങ്ങും കണ്ണീരും നിലവിളികളും മാത്രം; 39 മരണം സ്ഥിരീകരിച്ചു; മരിച്ചവരില്‍ 9 കുട്ടികള്‍

തമിഴ്‌നാട് കരൂര്‍ ടിവികെ പരിപാടിക്കിടെ തിക്കുംതിരക്കും മൂലമുണ്ടായ ദുരന്തത്തില്‍ 39 പേരുടെ മരണം സ്ഥിരീകരിച്ചു. മരിച്ചവരില്‍ 17 സ്ത്രീകളും 9 കുട്ടികളുമുണ്ട്. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ മരിച്ചവര്‍ക്ക് അന്തിമോപചാരം അര്‍പ്പിച്ചു. കരൂര്‍ മെഡി.കോളജിലെത്തി പരുക്കേറ്റ് ചികിത്സയിലുള്ളവരെയും മുഖ്യമന്ത്രി സന്ദര്‍ശിച്ചു. ജഡീഷ്യല്‍ അന്വേഷണത്തില്‍ ദുരന്ത കാരണം കണ്ടെത്തുമെന്നും ആരെ അറസ്റ്റ് ചെയ്യുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും എം കെ സ്റ്റാലിന്‍ പറഞ്ഞു.

നടന്‍ വിജയ്‌യുടെ രാഷ്ട്രീയപ്പാര്‍ട്ടി തമിഴക വെട്രിക് കഴകം സംഘടിപ്പിക്കുന്ന സംസ്ഥാന പര്യടനത്തിന്റെ ഭാഗമായി കരൂര്‍ വേലുചാമിപുരത്ത് നടന്ന സമ്മേളനത്തിലാണ് തിക്കിലും തിരക്കിലും പെട്ട് നിരവധിപ്പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്. ഒരു ലക്ഷത്തിലധികം ആളുകള്‍ പങ്കെടുത്ത പരിപാടിയില്‍ ഞെങ്ങി ഞെരുങ്ങി ജീവനില്ലാതെയോ പാതി ജീവനുമായോ നിരവധിപേരെ കരൂരിലെ ആശുപത്രികളില്‍ എത്തിച്ചു. ആവശ്യത്തിന് ഡോക്ടര്‍മാരോ മെഡിക്കല്‍ സൗകര്യങ്ങളോ ഇല്ലത്തതിനാല്‍ ആദ്യ മണിക്കൂറുകളില്‍ ഏറെ ബുദ്ധിമുട്ടി.

മുഖ്യമന്ത്രി എംകെ സ്റ്റാലിനും മറ്റ് മന്ത്രിമാരും പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും സംഭവം അറിഞ്ഞപ്പോള്‍ തന്നെ കരൂരിലേക്കെത്തി. മരിച്ചവരുടെ കുടുംബത്തിന് പത്തു ലക്ഷം രൂപവച്ചും പരുക്കേറ്റവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപവച്ചും സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. സംഭവം അന്വേഷിക്കാന്‍ റിട്ടയേര്‍ഡ് ജഡ്ജ് അരുണ ജഗതീശന്റെ നേതൃത്വത്തില്‍ കമ്മീഷനെ നിയമിച്ചു.

അറുപതിനായിരം ആളുകളെ മാത്രം ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന മൈതാനത്താണ് ഒരുലക്ഷത്തിലധികം ആളുകളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള പരിപാടി സംഘടിപ്പിച്ചത്. കൂടുതല്‍ തുറന്ന സ്ഥലത്തേക്ക് പരിപാടി മാറ്റണം എന്ന പൊലീസിന്റെ ആവശ്യം മാനിക്കാതെ പരിപാടി നടത്തുകയായിരുന്നു എന്നാണ് പൊലീസ് പുറത്തുവിടുന്ന വിവരം. എന്റെ ഹൃദയം തകര്‍ന്നു. അസഹനീയമായ വേദനയാണ് ഇപ്പോള്‍ അനുഭവിക്കുന്നത് എന്നാണ് വിജയ് എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞത്. വിജയ്‌ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.