സർക്കാർ അനുകൂല നിലപാടിൽ ഉറച്ചുനിന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. എന്റെ നിലപാട് എന്താണെന്ന് വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഫ്ളക്സുകൾ എല്ലാം വരട്ടെ എനിക്ക് കുറച്ച് പബ്ലിസിറ്റി കിട്ടുമല്ലോ, പ്രതിഷേധിക്കേണ്ടവർ പ്രതിഷേധിക്കട്ടെ. അതൊക്കെ ഞങ്ങൾ നേരിട്ടോളാം. ബജറ്റിലാണ് ഇന്ന് ചർച്ചയുള്ളതെന്നും സുകുമാരൻ നായർ പ്രതികരിച്ചു. ചങ്ങനാശ്ശേരി പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തെ പൊതുയോഗത്തിനെത്തിയപ്പോഴായിരുന്നു ജി സുകുമാരൻ നായരുടെ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട പ്രതികരണം.
ശബരിമല ആഗോള അയ്യപ്പസംഗമത്തിനെ പിന്തുണച്ചുകൊണ്ട് സമദൂരം വെടിഞ്ഞ് സർക്കാർ അനുകൂല നിലപാട് സ്വീകരിച്ച വ്യക്തമാക്കിയ സുകുമാരൻ നായർക്കെതിരെ എൻഎസ്എസ്സിനുള്ളിൽ പ്രതിഷേധം ശക്തമാകുകയാണ്. സുകുമാരൻ നായരെ വിമർശിച്ചുകൊണ്ട് പത്തനംതിട്ടയിലും കോട്ടയത്തുമടക്കം ഫ്ലക്സ് പ്രത്യക്ഷപ്പെട്ടു. സുകുമാരൻ നായർ രാജിവെക്കണമെന്നും അയ്യപ്പ വിശ്വാസികളെയും സമുദായ അംഗങ്ങളെയും വഞ്ചിച്ചു എന്നും എഴുതിയ ഫ്ളക്സുകളാണ് സുകുമാരൻ നായർക്കെതിരെ ഉയരുന്നത്.