ഓപ്പറേഷൻ നംഖോറിൽ ഇടനിലക്കാരെ സംബന്ധിച്ച് കസ്റ്റംസിന് സൂചന ലഭിച്ചു. ഡൽഹി കേന്ദ്രീകരിച്ചാണ് ഇടനില സംഘത്തിന്റെ പ്രവർത്തനം. മൂവാറ്റുപുഴ സ്വദേശി മാഹിൻ അൻസാരിയുടെ മൊഴിയിൽ നിന്നാണ് നിർണായക വിവരം ലഭിച്ചത്. കൊച്ചി കുണ്ടന്നൂരിൽ നിന്ന് പിടിച്ചെടുത്ത ലാൻഡ് ക്രൂസർ വാഹനം ഭൂട്ടാനിൽ നിന്ന് നേരിട്ടിറക്കിയതെന്നാണ് കസ്റ്റംസ് വിലയിരുത്തൽ. മാഹിൻ അൻസാരിയെ വീണ്ടും വിളിപ്പിക്കും.
ഓപ്പറേഷൻ നംഖോറിൽ കൊച്ചി കുണ്ടന്നൂരിൽ നിന്ന് പിടിച്ചെടുത്ത ലാൻഡ് ക്രൂസർ വാഹനത്തിന്റെ ഉടമ മാഹിൻ അൻസാരിയുടെ മൊഴി വിശദമായി പരിശോധിക്കാൻ കസ്റ്റംസ് തീരുമാനം. ഇടപാടിൽ താൻ കബളിക്കപ്പെട്ടു എന്നാണ് മാഹിൻ അൻസാരി കസ്റ്റംസിനു നൽകിയ മൊഴി. വാഹനം കേരളത്തിൽ എത്തിച്ച രേഖകളും, ബാങ്ക് ഇടപാട് രേഖകളും മാഹിൻ അൻസാരി കസ്റ്റംസിന് മുന്നിൽ ഹാജരാക്കിയിരുന്നു.
സംസ്ഥാനത്ത് മാത്രം നികുതി വെട്ടിച്ച് എത്തിച്ചത് 150 ലേറെ കാറുകളെന്നാണ് കസ്റ്റംസ് കണ്ടെത്തൽ. 35 ഇടങ്ങളിലായി കസ്റ്റംസ് നടത്തിയ പരിശോധനയിൽ 36 വാഹനങ്ങൾ പിടിച്ചെടുത്തു. വിലകൂടിയ വാഹനങ്ങൾ ഭൂട്ടാനിൽ എത്തിച്ച പിന്നീട് വാഹനങ്ങൾ ഇന്ത്യയിൽ എത്തിക്കുന്നതാണ് തട്ടിപ്പ് സംഘത്തിന്റെ രീതി . പരിവാഹൻ വെബ്സൈറ്റിലും കൃത്രിമം നടന്നിട്ടുണ്ട്. നടന്മാരായ ദുൽഖർ സൽമാൻ , പൃഥ്വിരാജ് , അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകളിലാണ് കസ്റ്റംസ് പരിശോധന നടത്തിയിരുന്നത്.
അതേസമയം, കസ്റ്റംസ് നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച നടൻ ദുൽഖർ സൽമാന് ഉടൻ സമൻസ് നൽകില്ല. ദുൽഖറിന്റെ വീട്ടിൽ നിന്ന് രണ്ട് കാറുകളാണ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്.