Headlines

‘ഭൂട്ടാൻ വാഹനക്കേസിൽ ഭയമില്ല, കസ്റ്റംസുമായി സഹകരിക്കുന്നു’; അമിത് ചക്കാലയ്ക്കൽ

കള്ളക്കടത്ത് നടത്തിയെന്ന് സംശയിക്കുന്ന ഭൂട്ടാൻ രജിസ്‌ട്രേഷനുള്ള വാഹനക്കേസുമായി ബന്ധപ്പെട്ട് നടൻ അമിത് ചക്കാലയ്ക്കലിനെതിരെ നടന്ന അന്വേഷണത്തിൽ തനിക്ക് ഭയമില്ലെന്ന് നടൻ വ്യക്തമാക്കി. കസ്റ്റംസ് ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കിയതായും, ഉദ്യോഗസ്ഥരുടെ സമീപനം അനുകൂലമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ അഞ്ച് വർഷമായി അമിത് ഉപയോഗിച്ചിരുന്ന ഒരു വാഹനമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. എന്നാൽ ഈ വാഹനം 1999 മുതൽ ഇന്ത്യയിലുള്ളതാണെന്നും ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും തന്റെ കൈവശമുണ്ടെന്നും അമിത് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഏകദേശം ആറ് മാസം മുൻപ് കസ്റ്റംസ് നടത്തിയ സമാനമായ പരിശോധനയിൽ ആവശ്യപ്പെട്ട രേഖകൾ അദ്ദേഹം ഹാജരാക്കിയിരുന്നു.

നിലവിൽ അമിത്തിന്റെ കേറോഫിൽ എത്തിയിട്ടുള്ള മറ്റ് ആറ് വാഹനങ്ങൾ ഗാരേജിൽ നിന്ന് കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്. ഈ വാഹനങ്ങളുടെ രേഖകൾ കൂടി സമർപ്പിച്ചാൽ മാത്രമേ കേസിൽ നിന്ന് അദ്ദേഹത്തിന് ക്ലീൻ ചീട്ട് ലഭിക്കുകയുള്ളൂ. ആദ്യഘട്ടത്തിൽ കേസുമായി ബന്ധപ്പെട്ട് തനിക്ക് ഭയമുണ്ടായിരുന്നെങ്കിലും, ഇപ്പോൾ പേടിക്കാനൊന്നുമില്ലെന്നും അമിത് കൂട്ടിച്ചേർത്തു.