Headlines

അഹമ്മദാബാദ് വിമാന ദുരന്തം; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കത്തയച്ച് പൈലറ്റ് അസോസിയേഷൻ

അഹമ്മദാബാദ് വിമാന ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് വ്യോമയാന മന്ത്രാലയത്തിന് കത്തയച്ച് പൈലറ്റ് അസോസിയേഷൻ.
ഈ ആവശ്യം ഉന്നയിച്ച് പൊതുതാൽപര്യ ഹർജി നൽകുമെന്നും അസോസിയേഷൻ കത്തിൽ ചൂണ്ടിക്കാട്ടുന്നു. ജൂൺ 12ന് അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം AI171 തകർന്നുവീണ് 260 പേരാണ് മരിച്ചത്. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണ സമിതിയെ രൂപീകരിക്കണമെന്നാണ് കത്തിലെ ആവശ്യം.

ഇപ്പോൾ നടക്കുന്ന എയർക്രാഫ്റ്റ് ആക്‌സിഡന്റ്‌സ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവന്നതിനെ തുടർന്നാണ് പൈലറ്റ് അസോസിയേഷൻ വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചത്. ജൂലൈ 12ന് സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിൽ പൈലറ്റിന്റെ പിഴവാണ് അപകടത്തിന് കാരണമെന്ന് സൂചിപ്പിച്ചതിന് തിങ്കളാഴ്ച സുപ്രീം കോടതി എയർക്രാഫ്റ്റ് ആക്‌സിഡന്റ്‌സ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയെ (എഐഐബി) വിമർശിച്ചിരുന്നു. സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് സേഫ്റ്റി മാറ്റേഴ്‌സ് ഫൗണ്ടേഷൻ എന്ന എൻ‌ജി‌ഒ സമർപ്പിച്ച ഹർജി പരി​ഗണിക്കവേയായിരുന്നു സുപ്രീം കോടതി വിമർശനം ഉന്നയിച്ചത്.

2010 മെയ് 22 ന് മംഗലാപുരം അപകടത്തിൽ 158 പേരുടെ മരണത്തിനിടയാക്കിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാന അപകടത്തെ തുടർന്ന് രൂപീകരിച്ച ജുഡീഷ്യൽ അന്വേഷണം മാതൃകയിൽ അന്വേഷണ സമിതി രൂപീകരിക്കണമെന്നാണ് പൈലറ്റ് അസോസിയേഷന്റെ ആവശ്യം.