Headlines

ആചാര സംരക്ഷണത്തിനായി കോണ്‍ഗ്രസ് ഒന്നും ചെയ്തില്ലെന്ന എന്‍എസ്എസ് നിലപാട്; പിണക്കം മാറ്റാന്‍ നീക്കങ്ങളുമായി കോണ്‍ഗ്രസ്

ആഗോള അയ്യപ്പ സംഗമത്തിന്റെ പശ്ചാത്തലത്തില്‍ ഇടതുപക്ഷത്തോട് അടുത്ത എന്‍എസ്എസിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ്. വിശ്വാസ സംബന്ധിയായ കാര്യങ്ങളില്‍ കോണ്‍ഗ്രസിന്റെ ഉറച്ച നിലപാട് വിശദീകരിക്കും. എന്‍എസിഎസിനെ ഒരു കാരണവശാലും പിണക്കേണ്ടതില്ലെന്നാണ് നേതൃത്വത്തിന്റെ നിലപാട്. ഇതിനാല്‍ വിശ്വാസികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ പാര്‍ട്ടിക്കുള്ള നിലപാട് പ്രധാന നേതാക്കള്‍ തന്നെ എന്‍എസ്എസിനെ അറിയിക്കും. വിശ്വാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും കാര്യമായി ഒന്നും ചെയ്തില്ലെന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ വിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് തിരക്കിട്ട അനുനയ നീക്കങ്ങള്‍ക്ക് പദ്ധതിയിടുന്നത്.

വിശ്വാസി സമൂഹത്തിന്റെ ആചാരങ്ങളും അവകാശങ്ങളും സംരക്ഷിക്കാന്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരോ കോണ്‍ഗ്രസോ കാര്യമായി ഒന്നും ചെയ്തില്ലെന്നാണ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വിമര്‍ശിച്ചിരുന്നത്. തദ്ദേശ തിരഞ്ഞെടുപ്പും തുടര്‍ന്ന് നിയമസഭാ തിരഞ്ഞെടുപ്പും വരുന്ന പശ്ചാത്തലത്തില്‍ എന്‍എസ്എസിനെ പിണക്കുന്നത് ബുദ്ധിയല്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇതിനാലാണ് കോണ്‍ഗ്രസ് നിലപാട് വിശദീകരിക്കാന്‍ പ്രധാന നേതാക്കളെത്തന്നെ ചുമതലപ്പെടുത്താന്‍ നേത്വം തീരുമാനിച്ചിരിക്കുന്നത്. വിശ്വാസ പ്രശ്‌നങ്ങളില്‍ സിപിഐഎമ്മിനെ വിമര്‍ശിക്കുമ്പോള്‍ അത് എന്‍എസ്എസിനെ ചെന്ന് കൊള്ളാതിരിക്കാനുള്ള ജാഗ്രത പാലിക്കാനും ഒരു വിഭാഗം നേതാക്കള്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ആഗോള അയ്യപ്പ സംഗമത്തിന് പ്രതിനിധിയെ അയച്ചാണ് എന്‍എസ്എസ് പിന്തുണ നല്‍കിയിരുന്നത്. ഇതിന് പിന്നാലെയാണ് ശബരിമല വിഷയത്തില്‍ എല്‍ഡിഎഫിനൊപ്പം ആണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പറഞ്ഞത്. എല്‍ഡിഎഫ് സര്‍ക്കാര്‍ ആചാരം സംരക്ഷിക്കാന്‍ നടപടി എടുക്കുകയാണ്. ശബരിമലയിലെ ആചാരം സംരക്ഷിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. സ്ത്രീപ്രവേശന വിധിക്കെതിരെ എന്‍എസ്എസ് നാമജപ ഘോഷയാത്ര നടത്തി. എന്നാല്‍ കോണ്‍ഗ്രസും ബിജെപിയും അന്ന് വിട്ടുനിന്നു. വിശ്വാസികള്‍ കൂട്ടത്തോടെ വന്നപ്പോഴാണ് അവരും വന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ സ്ത്രീപ്രവേശനം അനുവദിച്ചില്ല. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരും കോണ്‍ഗ്രസും ഒന്നും ചെയ്തില്ല. ശബരിമലയിലെ പ്രശ്‌നം പരിഹരിക്കുമെന്നും ആചാരങ്ങള്‍ സംരക്ഷിക്കുമെന്നും എന്‍എസ്എസിന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും സുകുമാരന്‍ നായര്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.