Headlines

BJPയെ അകറ്റി നിർത്താൻ കേരളത്തിലടക്കം കോൺഗ്രസിനെ പിന്തുണയ്ക്കുന്നതിൽ തെറ്റില്ല’; CPI പാർട്ടി കോൺഗ്രസിൽ അഭിപ്രായം

ബിജെപിയെ അകറ്റി നിർത്താൻ കേരളത്തിലടക്കം കോൺഗ്രസിനെ പിന്തുണയ്ക്കുന്നതിൽ തെറ്റില്ലെന്ന് സിപിഐ പാർട്ടി കോൺഗ്രസ് ചർച്ചയിൽ അഭിപ്രായം. തദ്ദേശ സ്ഥാപനങ്ങളിൽ ബിജെപിയെ തടയാൻ ആവശ്യമെങ്കിൽ കോൺഗ്രസിനെ പിന്തുണക്കണമെന്നാണ് ചർച്ചയിൽ അഭിപ്രായമുയർന്നു. വിശാല ഇടത് പാർട്ടികളുടെ പുനരേകീകരണത്തിന് സിപിഐ മുൻകൈ എടുക്കണമെന്നും ചർച്ചയിൽ ആവശ്യമുയർന്നു.

ദേശീയ തലത്തിൽ കോൺഗ്രസുമായി സഖ്യമുണ്ട്. കേരളത്തിൽ പിന്തുണച്ചാൽ നടപടി എടുക്കില്ലേയെന്ന ചോദ്യം ഉന്നയിച്ചുകൊണ്ടാണ് പ്രതിനിധി ഇക്കാര്യം ഉന്നയിച്ചത്. കേരളത്തിൽ 10 വർഷത്തിനപ്പുറമുള്ള സാഹചര്യം മുന്നിൽ കണ്ട് പ്രവർത്തിക്കണം. സിപിഐ പാർട്ടി കോൺഗ്രസിൽ അഭിപ്രായം ഉയർന്നു. ആർഎസ്പിയെയും ഫോർവേഡ് ബ്ലോക്കിനെയും ചേർത്തു നിർത്തണമെന്ന നിർദേശവും സിപിഐ പാർട്ടി കോൺഗ്രസിൽ ഉയർന്നു. പൊതു ചർച്ചയ്ക്ക് മുൻപ് നടന്ന കേരളത്തിന്റെ ഗ്രൂപ്പ് ചർച്ചയിലാണ് ഒരംഗം ഇക്കാര്യം ഉന്നയിച്ചത്.

എന്നാൽ ഗ്രൂപ്പ് ചർച്ചയിൽ തന്നെ ഇക്കാര്യം തള്ളികളഞ്ഞു. പൊതുചർച്ചയിൽ ഇത്തരത്തിൽ ഒരഭിപ്രായം ഉയർന്നിട്ടില്ല. അതേസമയം കഴിഞ്ഞദിവസം നടന്ന ചർച്ചകളിൽ നേതൃത്വത്തിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. ഇന്ത്യാ സഖ്യത്തിനുള്ളിൽ പാർട്ടിയ്ക്ക് എന്ത് സ്വാധീനം ഉണ്ടാക്കാൻ കഴിഞ്ഞു, പാർട്ടിയെ ഏത് രീതിയിൽ വളർത്താൻ കഴിഞ്ഞു, ദേശീയ പദവി നഷ്ടപ്പെട്ടത് നേതൃത്വത്തിന്റെ പിടിപ്പികേടാണ് തുടങ്ങിയ വിമർശനങ്ങളാണ് ഉയർന്നത്.