Headlines

‘ഭക്തരെങ്ങനെ ആകണമെന്ന ഗീതാ ക്ലാസ് നമ്മുക്ക് തരേണ്ട,പിണറായി വിജയന്‍ കണ്ണാടി നോക്കി സ്വയം പഠിക്കൂ’; പന്തളത്തെ ബദല്‍ സംഗമത്തില്‍ കെ അണ്ണാമലൈ

മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് ശബരിമല സംരക്ഷണ സംഗമത്തില്‍ തമിഴ്‌നാട് ബിജെപി മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈയുടെ ഉദ്ഘാടന പ്രസംഗം. ഭക്തരെങ്ങനെ ആകണമെന്നതിനെക്കുറിച്ച് ഭഗവദ്ഗീതാ വചനങ്ങള്‍ പിണറായി വിജയന്‍ തങ്ങള്‍ക്ക് ക്ലാസെടുത്ത് തരേണ്ടെന്നും കണ്ണാടി നോക്കി സ്വയം പഠിച്ചാല്‍ മതിയെന്നും കെ അണ്ണാമലൈ പറഞ്ഞു. അയ്യപ്പനോട് എന്തെങ്കിലും ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ സുപ്രിംകോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം തിരുത്തുകയാണ് വേണ്ടത്. 2018ല്‍ അയ്യപ്പഭക്തരെ അടിച്ചമര്‍ത്തിയവര്‍ക്ക് എങ്ങനെ അയ്യപ്പസംഗമം നടത്താനാകുമെന്നും അദ്ദേഹം ചോദിച്ചു. ആഗോള അയ്യപ്പ സംഗമത്തിന് ബദലായാണ് പന്തളത്ത് സംഘപരിവാര്‍ ശബരിമല സംരക്ഷണ സംഗമം സംഘടിപ്പിച്ചത്

കേരള മുഖ്യമന്ത്രിക്ക് പുറമേ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനേയും കെ അണ്ണാമലൈ രൂക്ഷമായി വിമര്‍ശിച്ചു. സനാതന നധര്‍മ്മം വേരോടെ അറുക്കണമെന്ന് പറഞ്ഞ സ്റ്റാലിനെയാണ് അയ്യപ്പസംഗമത്തിന് ക്ഷണിച്ചത്. സ്റ്റാലിനും പിണറായിയും വോട്ടിനായി നാസ്തിക നാടകം കളിക്കുന്നു. രാഷ്ട്രീയലക്ഷ്യങ്ങളോടെയാണ് സര്‍ക്കാര്‍ അയ്യപ്പസംഗമം നടത്തിയത്. നിയമസഭാ സ്പീക്കര്‍ ഷംസീറിന് ഗണപതി കേവലം മിത്ത് മാത്രമാണെന്നും ഉദ്ഘാടന പ്രസംഗത്തില്‍ കെ അണ്ണാമലൈ ആഞ്ഞടിച്ചു.

രാവിലെ, വികസനം, വിശ്വാസം, സുരക്ഷ എന്നീ വിഷയങ്ങളില്‍ സെമിനാറുകളോടെ ആയിരുന്നു പരിപാടിയുടെ തുടക്കം. സംഘപരിവാര്‍ നേതാക്കള്‍ സെമിനാറുകളില്‍ പങ്കെടുത്തു. ശബരിമല തന്ത്രിയും മകനും ചേര്‍ന്നാണ് സംഗമത്തിന് ദീപം തെളിയിച്ചത്. ഉച്ചയ്ക്ക് ശേഷം നടന്ന ഭക്തജന സംഗമം, തമിഴ്‌നാട് ബിജെപി മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈ ഉദ്ഘാടനം ചെയ്തു. തേജസ്വി സൂര്യയുള്‍പ്പെടെയുള്ള ബിജെപി നേതാക്കളും പരിപാടിയില്‍ പങ്കെടുത്തു. വീരമണിയുടെ പ്രസിദ്ധമായ ഗാനം മകന്‍ വീരമണി കണ്ണന്‍ ആലപിച്ചു.