Headlines

റൺമഴയ്ക്ക് പിന്നാലെ ട്രോൾ മഴയായി ഇന്ത്യ പാക് സൂപ്പർഫോർ പോരാട്ടം

ഏഷ്യ കപ്പ് സൂപ്പർഫോർ ആദ്യ പോരാട്ടത്തിൽ പരിഹാസ്യരായി പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾ. ടോസിന് ശേഷം ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് കൈ കൊടുക്കാതെ അവഗണിച്ചതിന് പിന്നാലെ കളത്തിലെ പെരുമാറ്റവും പരിഹാസ്യരായി മാറുന്നതിന് കാരണമായി. ഇന്ത്യയെ പ്രകോപിപ്പിച്ചുള്ള പാക്ക് താരങ്ങളുടെ സെലിബ്രേഷനുകളും മത്സരം തോറ്റതോടെ ട്രോൾ ആയി മാറി.

ഗ്രൂപ്പ് ഘട്ട മത്സരത്തിന് പുറമെ സൂപ്പർ ഫോർ മത്സരത്തിലും കൈ കൊടുക്കാതെയാണ് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, പാക്ക് വധം ആട്ടക്കഥയുടെ രണ്ടാം അധ്യായത്തിന് തുടക്കമിട്ടത്. ഇന്ത്യ തിരിഞ്ഞു നോക്കില്ലെന്ന് മനസിലായതോടെ പാക്കിസ്ഥാൻ നായകൻ സൽമാൻ അലി ആഗയും ആറ്റിറ്റ്യൂഡ് ഇട്ടു. ആദ്യ മത്സരത്തിൽ നിന്ന് വിപരീതമായി സ്കോർബോർഡിലെ റൺസ് 127 ൽ നിന്ന് 171 ൽ എത്തിയപ്പോൾ പാക്കിസ്ഥാൻ താരങ്ങളിൽ ആത്മവിശ്വാസം ഒഴുകി. അർധസെഞ്ചുറി നേടിയ സാഹിബ്‌സാദ ഫർഹാൻ ഒരു ഗൺ ഫയറിങ് സെലിബ്രേഷൻ തന്നെ നടത്തി.

മറുപടി നൽകാനായി കാത്തുനിന്ന ഇന്ത്യ ബാറ്റുവീശാൻ കളത്തിലെത്തി. ഓപ്പണർമാരുടെ വെടിക്കെട്ട് ബാറ്റിങ്ങിൽ പാക് ബൗളർമാർ പറ പറന്നു. ഇതോടെ നിയന്ത്രണം വിട്ട ഹാരിസ് റൗഫ് ശുഭ്മാൻ ഗില്ലിന് നേരെ തിരിഞ്ഞു. പക്ഷേ, മറുപടി കൊടുത്തു തുടങ്ങിയത് നോൺ സ്ട്രൈക്കിൽ ഉണ്ടായിരുന്ന അഭിഷേക് ശർമ ആയിരുന്നു. അതിർത്തി സംഘർഷ സമയത്ത് ഇന്ത്യയുടെ ആര് യുദ്ധവിമാനങ്ങൾ തകർത്തെന്നെ പാക്കിസ്ഥാന്റെ അവകാശവാദം സെലിബ്രേഷൻ ആക്കി ഹാരിസ് റൗഫ് വീണ്ടും പ്രകോപനം നടത്തി. എന്നാൽ, ആറ് വിക്കറ്റിന്റെ ജയത്തോടെ എല്ലാത്തിനും കനത്ത മറുപടി നൽകി നീലപ്പട. ഒടുവിൽ ഇന്ത്യയെയും പാക്കിസ്ഥാനെയും ഇനി ചിരവൈരികൾ എന്ന് വിളിക്കരുതെന്ന ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവിന്റെ പരിഹാസത്തോടെ അടികൾക്കും തിരിച്ചടികൾക്കും അവസാനം.