Headlines

ദ്വിരാഷ്ട്ര പരിഹാരത്തിനായി പരിശ്രമിക്കും’; പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ച് ബ്രിട്ടനും

പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ച് ബ്രിട്ടനും. ഓസ്ട്രേലിയക്കും കാനഡയ്ക്കും പിന്നാലെയാണ് പലസ്തീനെ അംഗീകരിച്ചു കൊണ്ട് ബ്രിട്ടൻ രംഗത്തെത്തുന്നത്. ദ്വിരാഷ്ട്ര പരിഹാരത്തിനായി പരിശ്രമിക്കുമെന്ന് ഓസ്ട്രേലിയൻ പ്രസിഡന്റ് ആന്തണി ആൽബനീസും ബ്രിട്ടിഷ് പ്രധാനമന്ത്രി കെയിർ സ്റ്റാർമറും പറഞ്ഞു. ഫ്രാൻസ് ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങൾ ഈ മാസം അവസാനം നടക്കുന്ന ഐക്യരാഷ്ട്ര സഭ പൊതുസഭയിൽ പലസ്തീനെ അംഗീകരിക്കാനിരിക്കെയാണ് പ്രഖ്യാപനവുമായി ബ്രിട്ടനും കാനഡയും ഓസ്ട്രേലിയയും എത്തുന്നത്.

“ദ്വിരാഷ്ട്ര പരിഹാരത്തിന്റെ പ്രതീക്ഷ മങ്ങുകയാണ്, പക്ഷേ നമുക്ക് ആ വെളിച്ചം കെടുത്താൻ കഴിയില്ല… ഇന്ന്, സമാധാനത്തിന്റെയും ദ്വിരാഷ്ട്ര പരിഹാരത്തിന്റെയും പ്രതീക്ഷ പുനരുജ്ജീവിപ്പിക്കാൻ, ഈ മഹത്തായ രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലയിൽ, യുകെ പലസ്തീനെ ഔദ്യോഗികമായി അംഗീകരിക്കുന്നുവെന്ന് ഞാൻ വ്യക്തമായി പ്രസ്താവിക്കുന്നു” യുകെ പ്രധാനമന്ത്രി പറഞ്ഞു.

“സമാധാനത്തിന്റെയും ദ്വിരാഷ്ട്ര പരിഹാരത്തിന്റെയും സാധ്യത നിലനിർത്താൻ ഞങ്ങൾ പ്രവർത്തിക്കുന്നു. അതായത് സുരക്ഷിതവും ഭദ്രവുമായ ഒരു ഇസ്രായേൽ, പ്രായോഗികമായ ഒരു പലസ്തീൻ രാഷ്ട്രം. ഇപ്പോൾ നമുക്ക് രണ്ടും ഇല്ല” എന്ന് കെ പ്രധാനമന്ത്രി പറഞ്ഞു. ഇസ്രയേലിന്റെയും അമേരിക്കയുടെയും എതിർപ്പ് തള്ളിയാണ് പ്രധാനമന്ത്രി കെയിർ സ്റ്റാർമറിന്റെ പ്രഖ്യാപനം.

തീരുമാനം അംഗീകാരം ഹമാസിനുള്ള പ്രതിഫലമല്ലെന്നും വരും ആഴ്ചകളിൽ ഹമാസിലെ മുതിർന്ന നേതാക്കൾക്കെതിരെ യുകെ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്നും സ്റ്റാർമർ വ്യക്തമാക്കി. “തുറന്നു പറയട്ടെ, ഹമാസ് ഒരു ക്രൂരമായ ഭീകര സംഘടനയാണ്. യഥാർത്ഥ ദ്വിരാഷ്ട്ര പരിഹാരത്തിനായുള്ള ഞങ്ങളുടെ ആഹ്വാനം അവരുടെ വിദ്വേഷകരമായ ദർശനത്തിന് നേർ വിപരീതമാണ്. അതിനാൽ ഞങ്ങൾക്ക് വ്യക്തമാണ്, ഈ പരിഹാരം ഹമാസിനുള്ള പ്രതിഫലമല്ല, കാരണം അതിനർത്ഥം ഹമാസിന് ഭാവിയില്ല, സർക്കാരിൽ ഒരു പങ്കുമില്ല, സുരക്ഷയിൽ ഒരു പങ്കുമില്ല എന്നാണ്” കെയിർ സ്റ്റാർമർ കൂട്ടിച്ചേർത്തു.