Headlines

‘ജാതിയില്‍ വിശ്വാസമില്ല; ദൈവം തന്ന ഏറ്റവും വലിയ അനുഗ്രഹം സംവരണം നല്‍കാത്തത് ‘; നിതിന്‍ ഗഡ്കരി

ജാതിയില്‍ വിശ്വാസമില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പുമന്ത്രി നിതിന്‍ ഗഡ്കരി. ജാതി, മതം, ഭാഷ, എന്നിവ ഒരു മനുഷ്യനെയും മഹാനാക്കുന്നില്ലെന്നും വ്യക്തിയിലെ ഗുണങ്ങളാണ് അവരെ ശ്രേഷ്ഠരാക്കുന്നതെന്നും ഗഡ്കരി പറഞ്ഞു. തനിക്ക് സംവരണം തന്നില്ല എന്നതാണ് ദൈവം തനിക്ക് നല്‍കിയ ഏറ്റവും വലിയ അനുഗ്രഹമെന്ന് എപ്പോഴും തമാശയായി പറയാറുണ്ടെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു. നാഗ്പൂരില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ബ്രാഹ്മണര്‍ ചെലുത്തുന്ന സാമൂഹിക സ്വാധീനത്തിലെ വ്യത്യാസത്തെക്കുറിച്ചും ഗഡ്കരി പറഞ്ഞു. മഹാരാഷ്ട്രയില്‍ ബ്രാഹ്മണര്‍ക്ക് പ്രാധാന്യമില്ല. എന്നാല്‍ ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളില്‍ അവര്‍ക്ക് വളരെയധികം പ്രാധാന്യമുണ്ട്. അവിടെ പോകുമ്പോഴൊക്കെ ഗണ്യമായ അധികാരവും സ്വാധീനവുമുള്ള ദുബേമാരേയും മിശ്രമാരെയും ത്രിപാഠിമാരെയും കണ്ടിട്ടുണ്ടെന്നും ഗഡ്കരി പറഞ്ഞു. മഹാരാഷ്ട്രയില്‍ സംവരണത്തിനു വേണ്ടിയുള്ള ആവശ്യം ശക്തമാകുന്നതിനിടെയാണ് ഗഡ്കരിയുടെ വാക്കുകള്‍.
സമാനമായ നിരീക്ഷണം മുന്‍പും ഗഡ്കരി നടത്തിയിട്ടുണ്ട്. യുവാക്കള്‍ തൊഴിലന്വേഷകരാകാതെ തൊഴില്‍ദാതാക്കളാകണമെന്ന് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ നാഗ്പൂരില്‍ നടന്ന ചര്‍മാകര്‍ സേവാ സംഘത്തെ അഭിസംബോധന ചെയ്യവേ അദ്ദേഹം പറഞ്ഞിരുന്നു.

സംവരണ ആനുകൂല്യം ലഭിക്കാത്തതാണ് ദൈവം എനിക്ക് ചെയ്ത ഏറ്റവും വലിയ അനുഗ്രഹമെന്ന് ഞാന്‍ പലപ്പോഴും തമാശയായി പറയാറുണ്ട്. അല്ലെങ്കില്‍ എനിക്ക് ഏതെങ്കിലും ബാങ്കില്‍ ക്ലാര്‍ക്കായി ജോലിയില്‍ പ്രവേശിക്കുമായിരുന്നു അതുമല്ലെങ്കില്‍ ക്ലാസ് 1 ഓഫീസര്‍ വരെ ആകാന്‍ കഴിയുമായിരുന്നു. ഒരു തൊഴില്‍ അന്വേഷകനല്ല തൊഴില്‍ദാതാവായി ഞാന്‍ മാറുമെന്ന് വളരെ ചെറുപ്പത്തില്‍ തന്നെ എന്റെ മാതാപിതാക്കളോട് പറഞ്ഞിരുന്നു. ഒടുവില്‍ ഞാന്‍ ബിസിനസ് രംഗത്തേക്ക് പ്രവേശിച്ചു. 15000 പേര്‍ക്ക് ജോലി നല്‍കുന്നു – നിതിന്‍ ഗഡ്കരി പറഞ്ഞു.