Headlines

സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും വയനാട്ടിൽ; സ്വീകരിക്കാനെത്തി പ്രിയങ്കാ ഗാന്ധി

ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയും ഇന്ന് വയനാട്ടിൽ എത്തും. കെ.സി വേണുഗോപാലും കൂടെയുണ്ട്. പ്രിയങ്കാ ഗാന്ധി,സണ്ണി ജോസഫ് എന്നിവർ സ്വീകരിക്കാനെത്തി.

രാവിലെ പത്തിന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇരുവരും വന്നിറങ്ങിയത്. കാലാവസ്ഥ അനുകൂലമെങ്കിൽ ഹെലികോപ്റ്റർ മാർഗം ഇരുവരും വയനാട്ടിലേക്ക് പുറപ്പെടും. പ്രതികൂല കാലാവസ്ഥയെങ്കിൽ റോഡ് മാർഗമായിരിക്കും ഇരുവരും വയനാട്ടിലേക്ക് പുറപ്പെടുന്നത്.

ഇരുവർക്കും വെള്ളിയാഴ്ച പൊതുപരിപാടിയൊന്നും തീരുമാനിച്ചിട്ടില്ല. പ്രിയങ്ക ഗാന്ധി എംപി കഴിഞ്ഞ ഒരാഴ്ചയായി മണ്ഡല പര്യടനത്തിനായി വയനാട്ടിലുള്ളതുകൂടി കണക്കിലെടുത്താണ് രാഹുലിന്റെയും സോണിയയുടെയും ഒരുമിച്ചുള്ള വരവ്. സ്വകാര്യസന്ദർശനം എന്ന നിലയിലാണ് യാത്രയെന്നതിനാൽ ഇതുവരെ മറ്റു പരിപാടികൾ ക്രമീകരിച്ചിട്ടില്ല.ഒരു ദിവസത്തെ സന്ദർശനം മാത്രമാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

അതേസമയം, സ്വകാര്യ സന്ദർശനം എന്ന് പറയുന്നുണ്ടെങ്കിലും ഇരുവരും കോൺഗ്രസ് നേതാക്കൻമാരുമായി ആശയവിനിമയം നടത്തുമെന്നാണ് വിവരം.നേരത്തെ, വയനാട്ടിൽ തുടരുന്ന പ്രിയങ്ക ഗാന്ധി സാമൂഹിക- മതസാമുദായിക നേതാക്കൻമാരെ സന്ദർശിച്ചിരുന്നു. കൂടാതെ ജില്ലയിലെ കോൺഗ്രസിനുള്ള വിവാദങ്ങളെ കുറിച്ച് പ്രിയങ്ക ഗാന്ധി ജില്ലാ നേതൃത്വത്തോട് വിവരം തേടിയതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് സോണിയയും രാഹുലും വയനാട്ടിൽ എത്തുന്നത്.