Headlines

ഡോണള്‍ഡ് ട്രംപും കെയര്‍ സ്റ്റാര്‍മെറും ഇന്ന് കൂടിക്കാഴ്ച നടത്തും; വിവിധ മേഖലകളില്‍ കരാറുകള്‍ക്ക് സാധ്യത

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മെറും ഇന്ന് കൂടിക്കാഴ്ച നടത്തും. സ്റ്റാര്‍മെറുടെ വസതിയായ ‘ചെക്കേഴ്സി’ലാണ് കൂടിക്കാഴ്ച. സ്റ്റീല്‍, അലുമിനിയം എന്നിവയുടെ തീരുവ 25 ശതമാനത്തില്‍ നിന്നും പൂജ്യമാക്കി കുറയ്ക്കുമെന്ന് ട്രംപ് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും പ്രയോഗത്തില്‍ വന്നിട്ടില്ല.

ലോഹങ്ങള്‍, സാങ്കേതികവിദ്യ, സിവില്‍ ആണവപദ്ധതി എന്നിങ്ങനെയുള്ള മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ കരാര്‍ ഉണ്ടാകുമെന്നാണ് വിവരം. പങ്കാളിത്തത്തിന്റെ ഭാഗമായി എന്‍വിഡിയ, ഓപ്പണ്‍എഐ, ഗൂഗിള്‍ എന്നിവ നിക്ഷേപ കരാറുകള്‍ പ്രഖ്യാപിച്ചേക്കും. ഇന്നലെ ചാള്‍സ് രാജാവും കാമില രാജ്ഞിയും വിന്‍സര്‍ കാസിലില്‍ ട്രംപിനും മെലാനിയ ട്രംപിനും അത്താഴവിരുന്നൊരുക്കി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോയും പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ട്രംപിനെ അനുഗമിക്കുന്നുണ്ട്. ട്രംപിന്റെ സന്ദര്‍ശനത്തിനെതിരെ മധ്യലണ്ടനില്‍ പ്രതിഷേധപ്രകടനങ്ങളുണ്ടായി.

ട്രംപിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ലണ്ടനില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചാര്‍ളി കെര്‍ക്കിന്റെ കൊലപാതകം, ട്രംപിന് നേരെ തുടര്‍ച്ചയായി നടക്കുന്ന വധശ്രമങ്ങള്‍ എന്നിവയെല്ലാം കണക്കിലെടുത്താണ് സുരക്ഷ വര്‍ധിപ്പിച്ചത്.