Headlines

‘നിയമസഭയിലെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ പിണറായി സര്‍ക്കാരിന്റെ ഐശ്വര്യമായി മാറരുത്’ ; കെ മുരളീധരന്‍

നിയമസഭയിലെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ പിണറായി സര്‍ക്കാരിന്റെ ഐശ്വര്യമായി മാറരുത് എന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ ഇനി സഭയില്‍ എത്തരുത്. വായില്ലാകുന്നിലപ്പനായി സഭയില്‍ ഇരുന്നിട്ട് എന്തുകാര്യമെന്നും കെ മുരളീധരന്‍ ചോദിച്ചു.

രാഹുല്‍ മാങ്കൂട്ടത്തില്‍ സഭയില്‍ വന്നതുകൊണ്ട് ഒന്നും സംഭവിച്ചിട്ടില്ല. പക്ഷേ, അദ്ദേഹം ഇനി സഭയില്‍ നിന്ന് മാറി നില്‍ക്കുന്നതാണ് നല്ലതെന്നാണ് എന്റെ അഭിപ്രായം. കാരണം, വന്നാല്‍ അറ്റന്‍ഷന്‍ അതിലേക്ക് പോകും. പ്രതിപക്ഷം സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചുകൊണ്ടിരിക്കുന്ന സമയമാണ്. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്തണോ എന്ന് അദ്ദേഹം തീരുമാനിക്കുക. പിണറായി സര്‍ക്കാരിന്റെ ഒരുപാട് മര്‍ദനങ്ങള്‍ ഏറ്റ ആളാണല്ലോ അദ്ദേഹം. അങ്ങനെയുള്ള വ്യക്തി തന്നെ പിണറായി സര്‍ക്കാരിന്റെ ഒരു ഐശ്യര്യമായി മാറരുത് – അദ്ദേഹം വ്യക്തമാക്കി. ഒന്നുകില്‍ തനിക്ക് പങ്കില്ല എന്ന് പരസ്യമായി പറയുകയും ആരോപിച്ചവര്‍ക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കാന്‍ തയ്യാറാവുകയും ചെയ്യണം. അല്ലെങ്കില്‍ കാത്തിരിക്കാന്‍ തയ്യാറാകണം – അദ്ദേഹം പറഞ്ഞു.

പൊലീസ് മര്‍ദനങ്ങളില്‍ നിയമസഭയില്‍ മുഖ്യമന്ത്രിയുടെ മറുപടി ദുര്‍ബലമെന്നും കെ മുരളീധരന്‍ പറഞ്ഞു. സ്വാതന്ത്ര്യസമരവും റഷ്യന്‍ വിപ്ലവം പറഞ്ഞതല്ലാതെ മറ്റു വിഷയങ്ങള്‍ പറഞ്ഞില്ല. പൊലീസില്‍ നടക്കുന്ന പല കാര്യങ്ങളും മുഖ്യമന്ത്രി അറിയുന്നില്ലെന്നും കെ മുരളീധരന്‍ ചൂണ്ടിക്കാട്ടി.

ഒരു ദിവസം അഞ്ച് – പത്ത് ഒറ്റപ്പെട്ട സംഭവങ്ങള്‍ നടക്കുന്നുണ്ട്. പൊലീസില്‍ നടക്കുന്ന പലകാര്യങ്ങളും മുഖ്യമന്ത്രി അറിയുന്നില്ല. പൊലീസില്‍ ഒരു ഉപചാപക സംഘം ഉണ്ട്. പൂരം കലക്കി അജിത് കുമാറിനെ പോലുള്ളവരാണ് ഈ സംഘത്തിന് നേതൃത്വം നല്‍കുന്നത്. അതുകൊണ്ട് തന്നെ എന്തൊക്കെയാണ് പൊലീസില്‍ നടക്കുന്നതെന്ന് മുഖ്യമന്ത്രിക്ക് അറിയില്ല – അദ്ദേഹം പറഞ്ഞു.