Headlines

പേരൂർക്കട വ്യാജ മോഷണക്കേസ്; ഒരു കോടി രൂപ നഷ്ടപരിഹാരം വേണം, മനുഷ്യാവകാശ കമ്മീഷന് മുന്നിൽ ബിന്ദു

തിരുവനന്തപുരം പേരൂർക്കടയിൽ വ്യാജ മാല മോഷണക്കേസിൽ ഒരു കോടി രൂപ നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന് മുന്നിൽ ആർ. ബിന്ദു. കമ്മീഷൻ സിറ്റിംഗിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സർക്കാർ ജോലി നൽകണമെന്നും പരാതിയിൽ പറയുന്നു. തിങ്കളാഴ്ച കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് കേസ് പരിഗണിച്ചപ്പോഴാണ് ബിന്ദു സർക്കാരിൽ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. ബിന്ദുവിന്റെ ആവശ്യം പരിശോധിച്ച് രേഖാമൂലം മറുപടി സമർപ്പിക്കാനാണ് മനുഷ്യാവകാശ കമ്മീഷന്റെ നിർദേശം. ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവി എന്നിവരെ ഒഫീഷ്യൽ റെസ്പോണ്ടൻമാരായി തീരുമാനിച്ചു.

അതേസമയം, MGM പൊൻമുടി വാലി പബ്ലിക് സ്കൂളിൽ ബിന്ദു ജോലിയിൽ പ്രവേശിച്ചു.സ്കൂൾ മാനേജ്മെന്റ് ബിന്ദുവിന് ജോലി നൽകുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

വ്യാജ മോഷണക്കേസിൽ താനും കുടുംബവും കടുത്ത മാനസിക പീഡനമാണ് അനുഭവിച്ചിരുന്നത്. തന്നെ കുറ്റവാളിയാക്കിയത് സമൂഹത്തിൽ നിന്നും ബന്ധുക്കളിൽ നിന്നും മാറ്റി നിർത്തിയിരുന്നു. ഉപജീവനമാർഗം നഷ്ടമായി മക്കളുടെ വിദ്യാഭ്യാസം തടസപ്പെട്ടു. വ്യാജ കേസ് കുടുംബത്തെ വീണ്ടും ദരിദ്രരായി തുടരാനായി പ്രേരിപ്പിച്ചു. തങ്ങൾക്ക് സമൂഹത്തിൽ ജീവിക്കുന്നതിനായി ഒരു കോടി രൂപ മാനനഷ്ട്ടത്തുകയായി നൽകണമെന്നും കുടുംബത്തിന്റെ ആശ്രയമായ തനിക്ക് സർക്കാർ ജോലി നൽകണമെന്നും ബിന്ദു പരാതിയിൽ പറയുന്നു.

പനയമുട്ടം സ്വദേശിയായ ബിന്ദു പേരൂർക്കടയിൽ വീട്ടിൽ ജോലിക്ക് നിന്ന് സമയത്താണ് ഉടമയായ ഓമന ഡാനിയലിന്റെ സ്വർണമാല മേഷണം പോയത്.ഓമനയുടെ പരാതിയെ തുടർന്ന് ബിന്ദുവിനെ സ്റ്റേഷനിൽ എത്തിച്ച് പേരൂർക്കട പൊലീസ് ക്രൂരമായി പെരുമാറി. ബിന്ദുവിന്റെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ ജില്ലയ്ക്ക് പുറത്തുള്ള ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥർ അന്വേഷിക്കണമെന്ന് ഉത്തരവിട്ടു.തുടർന്ന് പത്തനംതിട്ട ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി വിദ്യാധരൻ അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ടിലാണ് പൊലീസിനെതിരെ ഗുരുതര കണ്ടെത്തലുകൾ ഉള്ളത്.

ഓമനയുടെ വീട്ടിലെ സോഫയിൽ നിന്നാണ് മാല ലഭിച്ചത്. എന്നാൽ വീടിന് പുറത്തുനിന്ന് മാല കിട്ടിയതെന്ന് മൊഴി പറഞ്ഞാൽ മതിയെന്ന് പൊലീസ് ഉദ്യോഗസ്ഥർ ഓമനയോട്ആവശ്യപ്പെട്ടുവെന്ന് റിപ്പോർട്ടിൽ പറയുന്നു. അന്യായമായി കസ്റ്റഡിയിലെടുത്തത് ന്യായീകരിക്കാനാണ് പൊലീസ് ഇങ്ങനെ ചെയ്തതെന്ന് വ്യക്തമാണ്. ബിന്ദുവിനെ കസ്റ്റഡിയിൽ എടുത്ത വിവരം സി ഐ ശിവകുമാറിന് അറിയാമായിരുന്നു.ശിവകുമാർ ബിന്ദുവിനെ ചോദ്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങളും ക്രൈംബ്രാഞ്ചിന് ലഭിച്ചു.ബിന്ദുവിനെ അന്യായമായി തടവിൽവെച്ചതിന് ശിവകുമാറിനെതിരെയും വ്യാജ പരാതിയിൽ ഓമനക്കെതിരെയും നടപടി വേണമെന്നും റിപ്പോർട്ടിലുണ്ട്.നിലവിൽ എസ്ഐ പ്രസാദ് അടക്കം മൂന്ന് പോലീസ് ഉദ്യോഗസ്ഥർ സസ്പെൻഷനിലാണ്.ആരോപണ വിധേയരായ പൊലീസുകാരെ സംരക്ഷിക്കുന്ന നിലപാടായിരുന്നു തുടക്കം മുതൽ പൊലീസുകാർ സ്വീകരിച്ചിരുന്നത്. ബിന്ദുവിന്റെ പരാതിയിൽ ജില്ലാ ക്രൈംബ്രാഞ്ചിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്.