ശബരിമലയിലെ സ്വർണ്ണപാളിയുടെ നിർമാണ പ്രവർത്തനങ്ങൾ തുടരമെന്ന് ഹൈക്കോടതി. നിയമാനുസൃതമായി അറ്റകുറ്റപ്പണി തുടരാം. അറ്റകുറ്റപ്പണി പൂർത്തീകരിച്ച് സന്നിധാനത്ത് എത്തിക്കണമെന്ന് ഹൈക്കോടതി ദേവസ്വം ബോർഡിന് നിർദേശം നൽകി. 1999,2009 ലും സ്വർണം പൂശിയത്തിന്റെ കണക്കുകൾ ഹാജരാക്കാൻ ദേവസ്വത്തിന് നിർദേശം.
സന്നിധാനത്തെ സ്വർണം പൂശലുമായി ബന്ധപ്പെട്ട എല്ലാ റിപ്പോർട്ടുകളും പിടിച്ചെടുത്ത് ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കും. കോടതി ഇടപെട്ടതിനു പിന്നാലെ സ്വർണ്ണപ്പാളിയുടെ അറ്റകുറ്റപ്പണികൾ ചെന്നൈയിൽ നിർത്തിവെച്ചിരുന്നു. കഴിഞ്ഞതവണ ഹർജി പരിഗണിച്ചപ്പോൾ ദേവസ്വം ബോർഡ് കോടതിയിൽ ഖേദം പ്രകടിപ്പിച്ചിരുന്നു.
സ്വർണപാളികൾ എത്തിച്ചയുടൻ തന്നെ പണികൾ ആരംഭിച്ചിരുന്നു എന്നാൽ പിന്നീട് കേസ് വന്നതിനെത്തുടർന്ന് നിർത്തിവെച്ചതാണെന്നും തങ്ങൾ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് സുതാര്യമായിട്ടാണെന്നും അത് ആർക്കുംകണ്ട് ബോധ്യപ്പെടാമെന്നും ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് അധികൃതർ വ്യക്തമാക്കിയിരുന്നു.
സ്വർണപാളിയുടെ പണിയും വാതിലിന്റെ അറ്റകുറ്റപ്പണിയും ഒരുമിച്ച് തീർത്ത് കന്നിമാസ പൂജകൾ പൂർത്തിയാക്കി നട അടക്കുന്നതിന് മുമ്പ് ശുദ്ധികലശം നടത്താനായിരുന്നു ദേവസ്വം ബോർഡിന്റെ പദ്ധതി. എന്നാൽ വിഷയത്തിൽ ഹൈക്കോടതി ഇടപെട്ട് വിവാദമായ സാഹചര്യത്തിൽ സ്വർണപാളിയുടെ പണി എന്ന് പൂർത്തിയാകും എന്നതിൽ നിലവിൽ വ്യക്തതയില്ല.