വഖഫ് ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികളിൽ സുപ്രിംകോടതി ഇന്ന് ഇടക്കാല വിധി പറയും. കഴിഞ്ഞ മേയ് 22 നാണ് ഹർജികളിൽ സുപ്രീംകോടതി വിധി പറയാൻ മാറ്റിയത്. ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ്, ജസ്റ്റിസ് എ.ജി മാസിഹ് എന്നിവരുടെ ബെഞ്ചാണ് വിധി പറയുക. നിയമത്തിലെ ചില വകുപ്പുകളുടെ സ്റ്റേ ഉൾപ്പെടെയുള്ള ആവശ്യങ്ങളിലാകും ഉത്തരവിറക്കുന്നത്. പുതിയ നിയമത്തിലെ വകുപ്പുകളുടെ ഭരണഘടനാസാധുത ചോദ്യംചെയ്യുന്ന മുഖ്യവിഷയം പിന്നീട് പരിഗണിക്കും.
നിയമം ഭരണഘടന വിരുദ്ധമാണെന്നാണ് ഹർജിക്കാരുടെ പ്രധാന വാദം. വഖഫ് സ്വത്തുക്കൾ പിടിച്ചെടുക്കാനുള്ള നീക്കമാണ് ഇതിലൂടെ നടക്കുന്നതെന്നും വഖഫ് ബോർഡിൽ ഇതര മതസ്ഥരുടെ നിയമനം തെറ്റാണെന്നും ഹർജികളിൽ പറയുന്നു. നിയമത്തിന് നിയമസാധുതയുണ്ടെന്നാണ് കേന്ദ്ര സർക്കാർ വാദിക്കുന്നത്. ഭരണഘടന വിരുദ്ധമായ യാതൊരു തരത്തിലുള്ള വ്യവസ്ഥകളും ബില്ലിൽ ഇല്ലയെന്നും കേന്ദ്രം പറയുന്നു. വഖഫ് ഇസ്ലാമിന്റെ അനിവാര്യമായ മതാചാരമല്ല എന്നുമാണ് കേന്ദ്രം പറയുന്നത്.
എ.ഐ.എം.ഐ.എം എംപി അസദുദ്ദീൻ ഒവൈസി, ഡൽഹി എ.എ.പി എംഎൽഎ അമാനത്തുള്ള ഖാൻ, അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ്, ജംഇയ്യത്തുൽ ഉലമ-ഇ-ഹിന്ദ് പ്രസിഡന്റ് അർഷാദ് മദനി, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ, അഞ്ജും കദാരി, തയ്യിബ് ഖാൻ സൽമാനി, മുഹമ്മദ് ഷാഫി, ടി.എം.സി എംപി മഹുവ മൊയ്ത്ര, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്, ഓൾ ഇന്ത്യ മുസ്ലീം പേഴ്സണൽ ലോ ബോർഡ്, ആർ.ജെ.ഡി എംപി മനോജ് കുമാർ ഝാ, എസ്.പി എംപി സിയാ ഉർ റഹ്മാൻ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, ഡി.എം.കെ തുടങ്ങിയവരും ഹർജിക്കാരിൽ ഉൾപ്പെടുന്നു.