ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഇന്ത്യ പാകിസ്താൻ മത്സരത്തിനെതിരെ ഇന്ന് ശിവസേന ഉദ്ധവ് വിഭാഗത്തിൻറെ നേതൃത്വത്തിൽ പ്രതിഷേധം. പ്രധാനമന്ത്രിക്ക് പാർട്ടിയുടെ വനിതാ വിഭാഗം സിന്ദൂരം അയച്ചാണ് പ്രതിഷേധം. രക്തവും വെള്ളവും ഒരുമിച്ച് ഒഴികില്ലെന്ന് ചെങ്കോട്ടയിൽ പ്രഖ്യാപിച്ച പ്രധാനമന്ത്രി രക്തവും ക്രിക്കറ്റും എങ്ങനെ ഒരുമിച്ച് പോകുന്നു എന്ന് രാജ്യത്തോട് പറയണമെന്ന് പാർട്ടി അധ്യക്ഷൻ ഉദ്ദവ് താക്കറെ ആവശ്യപ്പെട്ടു.
അതിനിടെ ഏഷ്യാകപ്പിൽ ഇന്ത്യ– പാക്കിസ്താൻ മത്സരം നടക്കട്ടെയെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. മത്സരം റദ്ദാക്കണമെന്ന ഹർജിയിലായിരുന്നു പ്രതികരണം. കേസിൽ ഉടൻ വാദം കേൾക്കണമെന്ന ഹർജിക്കാരുടെ ആവശ്യവും സുപ്രീം കോടതി തള്ളി. എന്താണ് ഇത്ര തിരക്കെന്നും അത് വെറുമൊരു മത്സരം മാത്രമാണെന്നുമായിരുന്നു സുപ്രീം കോടതിയുടെ ചോദ്യം.
പഹൽഗാം ഭീകരാക്രമണത്തിന്റെയും ഓപ്പറേഷൻ സിന്ദൂറിന്റെയും പശ്ചാത്തലത്തിൽ മത്സരം നടക്കുന്നത് ദേശീയ താൽപര്യത്തിനു വിരുദ്ധമായ സന്ദേശം നൽകുമെന്നും സൈന്യത്തോടുള്ള അനാദരമാണെന്നും ചൂണ്ടിക്കാട്ടി 4 നിയമ വിദ്യാർഥികളാണ് ഹർജി നൽകിയത്. എന്നാൽ ഹർജിക്കാരുടെ ആവശ്യം സുപ്രീം കോടതി തള്ളുകയായിരുന്നു.
അതേസമയം ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ അരങ്ങേറുന്ന ഏഷ്യാ കപ്പ് പോരാട്ടത്തിന് മുന്നോടിയായി, ബഹിഷ്‌കരണ ആഹ്വാനങ്ങൾ ഉണ്ടായി.
ഓപ്പറേഷൻ സിന്ദൂരിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ, ജൂലൈയിൽ നടന്ന മത്സരത്തിന്റെ പ്രഖ്യാപനം എല്ലാ ഭാഗത്തുനിന്നും പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു. മത്സരം നടക്കാനിരിക്കെ, #BoycottIndvsPak പോലുള്ള ഹാഷ്‌ടാഗുകൾ സോഷ്യൽ മീഡിയയിൽ വീണ്ടും പ്രത്യക്ഷപ്പെട്ടു.