Headlines

എതിരാളികൾക്ക് വെല്ലുവിളി, ഇന്ത്യൻ രാഷ്ട്രീയത്തിലെ നക്ഷത്രമാണ് എം കെ സ്റ്റാലിൻ’; പുകഴ്ത്തി രജനികാന്ത്

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ പുകഴ്ത്തി രജനികാന്ത്. ഇന്ത്യൻ രാഷ്ട്രീയത്തിലെ നക്ഷത്രമാണ് എം കെ സ്റ്റാലിൻ. പഴയ – പുതിയ എതിരാളികൾക്ക് വെല്ലുവിളിയാണ് അദ്ദേഹം. വരൂ, 2026ൽ കാണാം എന്ന് ചിരിച്ചുകൊണ്ടു പറയുന്ന ആൾ. സ്റ്റാലിൻ പ്രിയ സുഹൃത്ത് എന്നും രജിനികാന്ത് പറഞ്ഞു. സംഗീത സംവിധായകൻ ഇളയരാജയെ ആദരിക്കുന്ന ചടങ്ങിലാണ് നടന്റെ പരാമർശം. വിജയ് യുടെ തമിഴ്നാട് പര്യടനം തുടങ്ങിയ ദിവസം ആണ് രജനികാന്തിന്റെ പ്രതികരണം.

പാര്‍ട്ടിയുടെ ശക്തിപ്രകടനമായി വിജയ്‌യുടെ ആദ്യ സംസ്ഥാനപര്യടനം. തിരുച്ചിറപ്പള്ളിയില്‍ ടിവികെ പ്രവര്‍ത്തകര്‍ ഒഴുകിയെത്തി. റോഡ് ഷോ ഒഴിവാക്കാൻ പൊലീസ് നിർദേശം ഉണ്ടായിരുന്നെങ്കിലും വഴിനീളെ പ്രവർത്തകരെ അഭിവാദ്യം ചെയ്താണ് വിജയ് എത്തിയത്. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ ഡിഎംകെയ്ക്ക് വീഴ്ച സംഭവിച്ചുവെന്ന് വിജയ് പറഞ്ഞു.

യുദ്ധത്തിന് പോകും മുന്‍പ് കുലദൈവങ്ങളെ തൊഴുന്നതാണ് പാരമ്പര്യം. അടുത്തവര്‍ഷം നടക്കാന്‍ പോകുന്ന ജനാധിപത്യ യുദ്ധത്തിന് മുന്നോടിയായി ജനങ്ങളെ കാണാൻ തിരുച്ചിറപ്പള്ളിയിൽ വന്നതാണെന്നും അണ്ണാ ദുരൈ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചത് ഇവിടെ നിന്നാണ് അതുപോലെതന്നെയാണ് എംജിആറും. അദ്ദേഹം ആദ്യ രാഷ്ട്രീയ സമ്മേളനം നടത്തിയതും തിരുച്ചിറപ്പള്ളിയിലാണ്. അതുകൊണ്ട് തിരുച്ചിറപ്പള്ളിയിൽ നിന്ന് തുടങ്ങുന്ന എല്ലാ കാര്യങ്ങളും നല്ലതാവുമെന്ന് വിജയ് ജനങ്ങളെ അഭിസംബോധനം ചെയ്തുകൊണ്ട് പറഞ്ഞു.

ഡിഎംകെയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഭൂരിഭാഗവും നടപ്പിലാക്കിയിട്ടില്ലെന്ന് വിജയ് വിമർശിച്ചു. സര്‍ക്കാര്‍ ജോലിയില്‍ സ്ത്രീകള്‍ക്ക് 40 ശതമാനം സംവരണം, വിദ്യാഭ്യാസ ലോണ്‍ എഴുതി തള്ളും തുടങ്ങി പല തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും പാലിക്കുന്നതില്‍ ഡിഎംകെയ്ക്ക് വീഴ്ച സംഭവിച്ചു. വിദ്യാഭ്യാസ ലോൺ എഴുതിത്തള്ളുമെന്ന വാഗ്ദാനം നടപ്പിലാക്കിയോ, ഡീസലിനു മൂന്നു രൂപ കുറയ്ക്കും എന്ന ഉറപ്പ് പാഴായില്ലേ? വൈദ്യുതി ചാർജ് മാസത്തിലാക്കും എന്ന ഉറപ്പ് എന്തായെന്നും പഴയ പെൻഷൻ സ്കീം തിരിച്ചുകൊണ്ട് വരാൻ കഴിഞ്ഞോയെന്നും വിജയ് ഡിഎംകെയോട് ചോദിച്ചു.