ദോഹയിലെ ഇസ്രയേല്‍ ആക്രമണത്തിന് പിന്നാലെ ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്മാന്‍ അല്‍താനിയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ന് കൂടിക്കാഴ്ച നടത്തും. ഇസ്രയേല്‍ ആക്രമണത്തെ ട്രംപ് എതിര്‍ക്കുന്നുവെന്ന് സൂചനകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഏറെ നിര്‍ണായകമായ ഈ കൂടിക്കാഴ്ച. വാഷിംഗ്ടണില്‍ നടക്കുന്ന അത്താഴവിരുന്നിലാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുന്നത്. പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും വിരുന്നില്‍ പങ്കെടുക്കും.
യുഎസ്- ഖത്തര്‍ സുരക്ഷാ കരാറിന്റെ സാധ്യതയെക്കുറിച്ചാകും ഇരുനേതാക്കളും ചര്‍ച്ച ചെയ്യുകയെന്നാണ് വിവരം. ദോഹയിലെ ഇസ്രയേല്‍ ആക്രമണത്തിന് ശേഷം സുരക്ഷാ കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ വേഗത്തിലാക്കാന്‍ ട്രംപ് മാര്‍കോ റൂബിയോയോട് നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇസ്രായേല്‍ ആക്രമണവും ഖത്തറിലെ യുഎസ് ബേസിലേക്ക് അടുത്തിടെ നടന്ന ഇറാന്‍ ആക്രമണവും ചൂണ്ടിക്കാട്ടി ഖത്തര്‍ കൂടുതല്‍ കടുത്ത നിബന്ധനകള്‍ അമേരിക്കയ്ക്ക് മുന്നില്‍ വച്ചേക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ വിലയിരുത്തല്‍. ഗസ്സയിലെ വെടിനിര്‍ത്തലിനായുള്ള ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങളെ ഇസ്രയേലിന്റെ ആക്രമണം ബാധിച്ചിട്ടില്ലെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ മധ്യസ്ഥ ശ്രമങ്ങള്‍ അവസാനിച്ചു എന്നായിരുന്നു ആക്രമണശേഷമുള്ള ഖത്തറിന്റെ പ്രതികരണം. ഇക്കാര്യമുള്‍പ്പെടെ ഇന്നത്തെ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകാനാണ് സാധ്യത.
യുഎസ് സന്ദര്‍ശനത്തിനെത്തിയ അല്‍ത്താനി വൈറ്റ് ഹൗസില്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സുമായും സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോയുമായും കൂടിക്കാഴ്ച നടത്തി. ഖത്തറിലേക്കുള്ള ഇസ്രയേല്‍ ആക്രമണത്തിനുശേഷമുള്ള ട്രംപ് – അല്‍താനി കൂടിക്കാഴ്ചയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. മാര്‍കോ റൂബിയോ വരുന്ന ദിവസങ്ങളില്‍ ഇസ്രയേല്‍ സന്ദര്‍ശിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.