Headlines

പ്രധാനമന്ത്രി മോദി ഇന്ന് മണിപ്പൂരില്‍; കലാപമുണ്ടായതിന് ശേഷമുള്ള ആദ്യ സന്ദര്‍ശനം

2023ലെ രക്തരൂക്ഷിത വംശീയകലാപത്തിനുശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മണിപ്പൂരില്‍ എത്തും. ചുരാചന്ദ്പൂരിലും ഇംഫാലിലുമായി വിവിധ പരിപാടികളില്‍ പ്രധാനമന്ത്രി പങ്കെടുക്കും. 8,500 കോടി രൂപയുടെ വികസന പദ്ധതികള്‍ അദ്ദേഹം ഉദ്ഘാടനം ചെയ്യും. സ്റ്റേറ്റ് പീസ് ഗ്രൗണ്ടില്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം സംസാരിക്കും.

നൂറുകണക്കിന് പേരുടെ ക്രൂരമായ കൊലപാതകത്തിനിടയാക്കിയ മണിപ്പൂര്‍ സംഘര്‍ഷ ഭൂമിയിലേക്ക് പ്രധാനമന്ത്രി തിരിഞ്ഞുനോക്കിയില്ലെന്ന് ദീര്‍ഘകാലമായി പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് മണിപ്പൂര്‍ സംസ്ഥാനത്തുടനീളം ഒരുക്കിയിട്ടുള്ളത്. അതേസമയം രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പും പ്രദേശത്ത് സംഘര്‍ഷമുണ്ടായെന്നും പ്രധാനമന്ത്രിയുടെ വരവിന് മുന്നോടിയായി ഒരുക്കിയ അലങ്കാരങ്ങള്‍ ചിലര്‍ നശിപ്പിച്ചെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

മണിപ്പൂരിന്റെ സമഗ്രമായ വികസനം മുന്നോട്ട് കൊണ്ടുപോകുന്നതിന് പൂര്‍ണ്ണമായും സര്‍ക്കാര്‍പ്രതിജ്ഞാബദ്ധരാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.പ്രധാനമന്ത്രിയുടെ സന്ദര്‍ശനം മണിപ്പൂരില്‍ സമാധാനത്തിനും വേഗത്തിലുള്ള വളര്‍ച്ചയ്ക്കും വഴിയൊരുക്കുമെന്ന് ചീഫ് സെക്രട്ടറി പുനീത് കുമാര്‍ ഗോയല്‍ പറഞ്ഞു.മണിപ്പൂര്‍ സന്ദര്‍ശനത്തിന് ശേഷം മറ്റ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളായ മിസ്സോറാമും അസ്സമും പ്രധാനമന്ത്രി സന്ദര്‍ശിക്കുമെന്നാണ് വിവരം. ശേഷം അദ്ദേഹം പശ്ചിമ ബംഗാളിലേക്കും തുടര്‍ന്ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിലേക്കും തിരിക്കും.