നേപ്പാളിൽ വീണ്ടും സംഘർഷാവസ്ഥ രൂക്ഷമായി. ജയിൽ ചാടിയ തടവുകാർക്ക് നേരെ സൈന്യം നടത്തിയ വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ആഭ്യന്തര സംഘർഷങ്ങൾക്കിടെ ഏകദേശം 15,000 തടവുകാർ ജയിലുകളിൽ നിന്ന് രക്ഷപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഈ സംഭവത്തിൽ 12 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
സംഘർഷം വ്യാപിക്കാതിരിക്കാൻ രാജ്യത്തെ മൂന്ന് ജില്ലകളിൽ നിരോധനാജ്ഞ നീട്ടിയിട്ടുണ്ട്. കാഠ്മണ്ഡു, ലളിത്പൂർ, ഭക്തപൂർ എന്നീ നഗരങ്ങളിൽ ഏർപ്പെടുത്തിയിരുന്ന കർഫ്യുവിൽ രാവിലെ 6 മണി മുതൽ ഇളവ് വരുത്തിയിട്ടുണ്ട്.
ഈ സമയങ്ങളിൽ പൊതുജനങ്ങൾക്ക് യാത്ര ചെയ്യാനുള്ള അനുമതിയും നൽകിയിട്ടുണ്ട്. നിലവിൽ, സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ സൈന്യം കനത്ത ജാഗ്രത പുലർത്തുന്നുണ്ട്.