ശബരിമലയിലെ ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വർണ്ണപാളി ഇളക്കി മാറ്റിയതിൽ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. സ്വർണ്ണപാളി തിരിച്ച് എത്തിക്കാൻ ഹൈക്കോടതി ദേവസ്വം ബോർഡിന് നിർദേശം നൽകി. ഇടക്കാല ഉത്തരവിലാണ് നിർദേശം. അനുമതിയില്ലാതെ കൊണ്ടുപോയ ദ്വാരപാലക വിഗ്രഹങ്ങളുടെ സ്വർണ്ണപ്പാളികളാണ് തിരികെയെത്തിക്കേണ്ടത്.
കോടതിയുടെ അനുമതിയോടെ മാത്രമേ സന്നിധാനത്ത് സ്വർണ്ണപ്പണികൾ നടത്താൻ പാടുള്ളുവെന്ന ഹൈക്കോടതി നിർദേശം പാലിക്കാത്തത് ഗുരുതര വീഴ്ചയാണെന്ന് വ്യക്തമാക്കി കമ്മീഷണർ ഹൈക്കോടതിക്ക് റിപ്പോർട്ടും നൽകിയിരുന്നു. ഹൈക്കോടതി ഉത്തരവ് വന്ന സാഹചര്യത്തില്‍ ദേവസ്വം ബോർഡ് ഉടൻ അപ്പീൽ പോകും.
ഉത്തരവില്‍ നിയമ വിദഗ്ധരുമായി ചർച്ച നടത്താനാണ് നീക്കം. ശബരിമല ദ്വാരപാലക ശിൽപ്പത്തിന്റെ സ്വർണ്ണം പൂശിയ പാളികളുടെ അറ്റകുറ്റപ്പണി ചെന്നൈയിൽ തുടങ്ങിയെന്നും തിരികെ എത്തിക്കാനുള്ള ഉത്തരവ് നടപ്പാക്കാൻ ബോർഡിന് കഴിയില്ലെന്നുമാണ് ദേവസ്വം ബോര്‍ഡിന്‍റെ നിലപാട്.